ഇന്തോനേഷ്യ ഭൂകമ്പം; മരണസംഖ്യ 98 ആയി
കഴിഞ്ഞ ദിവസം റികടര്‍ സ്കെയിലില്‍ 6.9 ത്രീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ലംബോക്കില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്
ഇന്തോനേഷ്യയിലെ ലംബോക്കിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 98 ആയി. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ വിദേശികള്‍ ആരെങ്കിലും ഉണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം റികടര്‍ സ്കെയിലില്‍ 6.9 ത്രീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ലംബോക്കില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ആയിരക്കണക്കിന് ആളുകള്‍ക്ക് വീടുകല്‍ നഷ്ടമായി. 120 തുടര്‍ ചലനങ്ങള്‍ ഉണ്ടായതായി ഔദ്യോഗിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗിലി ദ്വീപില്‍ കുടുങ്ങിയ നിരവധിയാളുകളെ രക്ഷപ്പെടുത്തി. ഇനിയും നിരവധിയാളുകളെ രക്ഷപ്പെടുത്താനുണ്ട്. ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് താല്‍ക്കാലികമായി രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ദ്വീപില്‍ വെള്ളവും വെളിച്ചവുമില്ലെന്ന് ബ്രിട്ടീഷ് ടൂറിസ്റ്റ് മൈക്ക് ബെന്നെറ്റ് പറഞ്ഞു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രണ്ടായിരത്തിലധികം ആളുകളെ ഇതിനകം തന്നെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സമീപ ദ്വീപായ ബാലിയിലും ചെറിയ തോതില്‍ ഭൂകമ്പം ഉണ്ടായിട്ടുണ്ട്.
സുനാമി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന സന്ദേശം ടൂറിസ്റ്റുകളില്‍ ഭീതി പരത്തി. ലംബോക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ദ്വീപിന്റെ 40 കിലോ മീറ്റര്‍ പരിധിയില്‍ ഭൂചലനത്തിന്റെ പ്രകമ്പനം ഉണ്ടായി. ലംബോക്കില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ഭൂചലനമാണിത്. ആദ്യത്തേതിൽ 17 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.