അധിക തീരുവ; അമേരിക്കന്‍ നടപടിക്കെതിരെ തുര്‍ക്കി
സ്റ്റീല്‍ അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ഉയര്‍ത്തി പുതിയ വ്യാപാര യുദ്ധത്തിന് തുടക്കമിട്ട അമേരിക്കയുടെ തീരുമാനത്തിനെതിരെ തുര്‍ക്കിയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
സ്റ്റീല്‍, അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തിയ അമേരിക്കക്കെതിരെ നടപടി ശക്തമാക്കാനൊരുങ്ങി തുര്‍ക്കി. നാറ്റോയുമായി ബന്ധം ശക്തമാക്കാന്‍ തുര്‍ക്കി തീരുമാനിച്ചു. ഇതിനായി പുതിയ സഖ്യകക്ഷികളെ തേടുകയാണ് തുര്‍ക്കി.
സ്റ്റീല്‍ അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ഉയര്‍ത്തി പുതിയ വ്യാപാര യുദ്ധത്തിന് തുടക്കമിട്ട അമേരിക്കയുടെ തീരുമാനത്തിനെതിരെ തുര്‍ക്കിയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അമേരിക്കയുടെ നടപടിക്കെതിരെ പോരാടാന്‍ തന്നെയാണ് പ്രസിഡന്റ് രജബ് തയിബ് എര്‍ദോഗന്റെ തീരുമാനം.
അമേരിക്കയെ പ്രതിരോധിക്കാന്‍ നാറ്റോ സഖ്യശക്തികളുമായുള്ള ബന്ധം മെച്ചപ്പെടുത്താനൊരുങ്ങുകയാണ് തുര്‍ക്കി. ഇതിനായി അങ്കാര പുതിയ സഖ്യകക്ഷികളെ തേടുമെന്ന് എര്‍ദോഗണ്‍ വ്യക്തമാക്കി.
യുഎസിന്റെ നീക്കങ്ങള്‍കൊണ്ട് ഞങ്ങളെ തകര്‍ക്കാനാവില്ല. അമേരിക്കന്‍ ഡോളര്‍ നമ്മുടെ പാത തടയില്ല. രാജ്യത്തിനെതിരെ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നും. എന്നാല്‍ അതൊന്നും തുര്‍ക്കി ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും എര്‍ദോഗണ്‍ പറഞ്ഞു.
സ്റ്റീലിന് 50 ശതമാനവും അലൂമിനിയത്തിന് 20 ശതമാനവും അധിക താരീഫാണ് അമേരിക്ക ചുമത്തിയത്. അമേരിക്കയുടെ നടപടിക്കെതിരെ ഇറാന്‍ രംഗത്തെത്തി. മറ്റ് രാജ്യങ്ങളെ ഉപരോധങ്ങളിലൂടെയും സാമ്പത്തിക നടപടിയിലൂടെയും പരിഹസിക്കുന്നത് യുഎസിന്റെ സ്ഥിരം നടപടിയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷെരീഫ് പറഞ്ഞു. എന്തായാലും വ്യാപാരയുദ്ധം മുറുകിയതോടെ തുര്‍ക്കിയുടെ കറന്‍സിയുടെ മൂല്യം 20 ശതമാനത്തോളം കുറയുമെന്നാണ് കരുതുന്നത്.