മുന്‍ വൈറ്റ് ഹൌസ് ജീവനക്കാരിയെ നികൃഷ്ട ജീവിയെന്ന് വിശേഷിപ്പിച്ച് ട്രംപ്
ഒമാരോസയുടേതായി പുറത്തിറങ്ങിനിരിക്കുന്ന പുസ്തകത്തില്‍ ട്രംപിനെക്കുറിച്ച് ഗൌരവമേറിയ പരാമര്‍ശങ്ങളാണ് ഉള്ളത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ട്രംപിന്റെ പ്രതികരണം
മുന്‍ വൈറ്റ് ഹൌസ് ജീവനക്കാരിയും ടെലിവിഷന്‍ അവതാരകയുമായ ഒമാരോസയെ നികൃഷ്ട ജീവിയെന്ന് വിശേഷിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്. ഒമാരോസയുടേതായി പുറത്തിറങ്ങിനിരിക്കുന്ന പുസ്തകത്തില്‍ ട്രംപിനെക്കുറിച്ച് ഗൌരവമേറിയ പരാമര്‍ശങ്ങളാണ് ഉള്ളത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ട്രംപിന്റെ പ്രതികരണം.
ആഗസ്ത് 14ന് പ്രകാശനം ചെയ്യുന്ന ഒമാരോസ മാനിഗോള്‍ട്ട് ന്യൂമാന്റെ പുസ്തകത്തിലാണ് ട്രംപ് കടുത്ത വംശീയ അധിക്ഷേപം നടത്തുന്ന ആളാണെന്ന ഗൌവരമേറിയ പരാമര്‍ശം നടത്തിയത്. ഒമാരോസയുടെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ പുറത്തു വന്നതിന് ശേഷം ന്യൂ ജഴ്സിയിലെ ഒരു ഗോള്‍ഫ് ക്ലബ്ബില്‍ സംഘടിപ്പിച്ച ചടങ്ങില്‍വെച്ചാണ് ഒമാരോസയെ നികൃഷ്ട ജീവിയെന്ന് വിളിച്ച് അധിക്ഷേപിച്ചത്. പുസ്തകത്തിലെ പരാമര്‍ശം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ട്രംപ് മറുപടി നല്‍കിയത്. ട്രംപ് അരക്ഷിതനും സ്വന്തം അഭിപ്രായങ്ങളെ മാത്രം വില വയ്ക്കുന്നയാളും സ്ത്രീ വിരുദ്ധനുമാണെന്ന് പുസ്തകത്തില്‍ വിമര്‍ശിക്കുന്നുണ്ട്.
ട്രംപ് അവതാരകനായിരുന്ന ദി അപ്രന്റിസ് എന്ന റിയാലിറ്റി ഷോയുടെ സെറ്റില്‍ വെച്ച് തന്നെ നീഗ്രോ എന്ന് വിളിച്ച് പല തവണ കളിയാക്കിയെന്നും ഇതിന്റെ തെളിവായ ടേപ്പ് കയ്യില്‍ സൂക്ഷിക്കുന്നുണ്ടെന്നും ഒമാരോസ പറയുന്നു. ട്രംപ് ചില ഘട്ടങ്ങളില്‍ മാനസിക നില തെറ്റിയ ആളെപ്പോലെ പെരുമാറുന്നുണ്ടെന്നും ആളുകളെ തമ്മില്‍ തല്ലിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന വ്യക്തിയാണ് ട്രംപെന്നും വിവരിക്കുന്നുണ്ട്. പ്രസിഡന്റിന്റെ സീനിയര്‍ ഉപദേശകയായി പ്രവര്‍ത്തിച്ചിരുന്ന ഒമാരോസയുടെ ആരോപണങ്ങള്‍ ഗൌരവത്തോടെയാണ് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ വിമര്‍ശനങ്ങളെയെല്ലാം തള്ളിപ്പറയുകയാണ് വൈറ്റ് ഹൌസ്. പരാമര്‍ശങ്ങളെല്ലാം നുണയെന്നാണ് വൈറ്റ് ഹൌസിന്റെ വിശദീകരണം.