വെനെസ്വേലന്‍ പ്രസിഡന്റിനെതിരെയുള്ള വധശ്രമം അന്വേഷിക്കാന്‍ എഫ്.ബി.ഐ സഹകരിച്ചേക്കും

Update: 2018-08-13 03:36 GMT
Advertising

വെനെസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോക്ക് നേരെയുണ്ടായ വധശ്രമം അന്വേഷിക്കാന്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ സഹകരിച്ചേക്കും. എഫ്.ബി.ഐ അന്വേഷണത്തിന് മദൂറോ സമ്മതം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

വെനെസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോക്ക് നേരെയുണ്ടായ വധശ്രമത്തില്‍ അന്വേഷണത്തോട് എഫ്.ബി.എൈ സഹകരിക്കും. വെനെസ്വേലന്‍ വിദേശകാര്യ മന്ത്രി വെനെസ്വേലയിലെ അമേരിക്കന്‍ പ്രതിനിധിയെ സന്ദര്‍ശിച്ച് അന്വേഷണത്തില്‍ സഹകരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അന്വേഷണത്തില്‍ സഹകരിക്കാമെന്ന് അമേരിക്കന്‍ പ്രതിനിധി ഉറപ്പ് കൊടുത്തു.

ഈ മാസം നാലിനാണ് വെനെസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ സൈനിക പരേഡിനെ അഭി സംഭോദന ചെയ്ത് സംസാരിക്കുന്നതിനിടെ നിക്കോളാസ് മദൂറോക്ക് നേരെ വധ ശ്രമമുണ്ടായത്. പരേഡ് നടക്കുന്ന സ്ഥലത്ത് ഡ്രോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു, ആക്രമണത്തില്‍ ഏഴ് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. അമേരിക്കയും കൊളംബിയയിലെ തീവ്ര വലതു പക്ഷവുമാണ് വധശ്രമത്തിന് പിന്നിലെന്നായിരുന്നു നേരത്തെ മദൂറോ ആരോപിച്ചിരുന്നത്.

ദീര്‍ഘ കാലമായി അമേരിക്കയുമായി നല്ല ബന്ധമല്ല വെനസ്വേലക്കുള്ളത് . കഴിഞ്ഞ മെയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വെനസ്വേലന്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മദൂറോക്കെതിരെ അമേരിക്ക ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു , സത്യസന്ധമായ തെരഞ്ഞെടുപ്പല്ല നടന്നതെന്നായിരുന്നു അമേരിക്കന്‍ ആരോപണം. വെനസ്വേലക്ക് മേല്‍ അമേരിക്ക തുടരുന്ന ഉപരോധങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു, അമേരിക്കക്കെതിരെ മദൂറോയും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മദൂറോയെ അധികാരത്തില്‍ നിന്നിറക്കുകയാണ് അമേരിക്കയുടെ‍ ലക്ഷ്യമെന്നായിരുന്നു മദൂറോയുടെ ആരോപണം.

Tags:    

Similar News