അമേരിക്കന്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് ഉര്‍ദുഗാന്‍
തുര്‍ക്കിക്ക് മേല്‍ അമേരിക്ക സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് തുര്‍ക്കി കറന്‍സിയായ ലിറയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു
അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. തുര്‍ക്കിക്ക് മേല്‍ അമേരിക്ക സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് തുര്‍ക്കി കറന്‍സിയായ ലിറയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കക്കെതിരെ തുര്‍ക്കിയുടെ നീക്കം.
അങ്കാറയില്‍ നടന്ന ഒരു ചടങ്ങിലാണ് ഉര്‍ദുഗാന്റെ ആഹ്വാനം. ആദ്യ ഘട്ടത്തില്‍ യുഎസ് നിര്‍മിത ഐഫോണുകള്‍ ബഹിഷ്കരിക്കും. പകരം കൊറിയന്‍ നിര്‍മിത സാംസങ് സ്മാര്‍ട്ഫോണുകളും തുര്‍ക്കിയില്‍ തന്നെ നിര്‍മിക്കുന്നവയും ഉപയോഗിക്കും. മറ്റുല്‍പന്നങ്ങളുടെ ബഹിഷ്കരണം ഏത് രീതിയിലാണ് നടപ്പാക്കുക എന്നത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഉര്‍ദുഗാന്‍ വ്യക്തമാക്കിയില്ല. സമ്പദ് വ്യവസ്ഥക്ക് സംഭവിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. എക്കാലത്തെയും ഏറ്റവും താഴ്ന്ന നിലയിലാണ് തുര്‍ക്കി കറന്‍സി ലിറയുടെ മൂല്യം. അമേരിക്കയുടെ ഒരു ഡോളറിനെതിരെ 7.24 ലിറയെന്ന ഏറ്റവും മോശം സാഹചര്യത്തിലാണ് ലിറ. ഈ വര്‍ഷം 40 ശതമാനത്തിലധികം മൂല്യമാണ് ഇടിഞ്ഞത്.
പണപ്പെരുപ്പം ഓരോ ദിവസവും കൂടുകയാണ്.അമേരിക്കയുടെ രാഷ്ട്രീയ സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാന്‍ ഉര്‍ദുഗാന്‍ തയ്യാറാകാത്തതാണ് തുര്‍ക്കിയില്‍ സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കാന്‍ കാരണമായത്. തുര്‍ക്കിയില്‍ നിന്നുള്ള അലൂമിനിയം സ്റ്റീല്‍ കയറ്റുമതിയുടെ താരിഫ് അമേരിക്ക കുത്തനെ ഉയര്‍ത്തിയിരുന്നു. ഇതെതുടര്‍ന്നാണ് ഡോളറിനെ അപേക്ഷിച്ച് തുര്‍ക്കി കറന്‍സിയായ ലിറയുടെ മൂല്യം കുത്തനെ ഇടിഞ്ഞത്.ടർക്കിഷ് കറൻസിന്റെ ദുർബലത ആഗോള വിപണികളിലും പ്രതിഫലിച്ചു. ഇന്ത്യയിലും ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്ന നിലയിലായിട്ടുണ്ട്.