കുട്ടികളുടെ ലൈംഗിക ചൂഷണത്തെയും സഭ അതു മൂടിവയ്ക്കാന്‍ ശ്രമിച്ചതിനെയും അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

സഭയിലെ ഈ ‘മരണ സംസ്‌കാര’ ത്തിന് അറുതി വരുത്തണമെന്നു പറയുന്ന മാര്‍പാപ്പ ചൂഷണം തടയുന്നതില്‍ വീഴ്ചയുണ്ടായതിന് മാപ്പപേക്ഷിക്കുന്നുമുണ്ട്

Update: 2018-08-21 05:51 GMT
Advertising

വൈദികര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും സഭ അത് മൂടിവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെ അപലപിച്ചു കൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ആഗോള കത്തോലിക്കാ സമൂഹത്തെ അഭിസംബോധന ചെയ്ത് കത്തെഴുതി. സഭയിലെ ഈ 'മരണ സംസ്‌കാര' ത്തിന് അറുതി വരുത്തണമെന്നു പറയുന്ന മാര്‍പാപ്പ ചൂഷണം തടയുന്നതില്‍ വീഴ്ചയുണ്ടായതിന് മാപ്പപേക്ഷിക്കുന്നുമുണ്ട്.

അമേരിക്കയിലെ പെന്‍സില്‍വാനിയിയില്‍ ഏഴു പതിറ്റാണ്ടിനിടെ മൈനര്‍മാരായ ആയിരത്തലധികം കുട്ടികളെ വൈദികര്‍ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന ഗ്രാന്‍ഡ് ജൂറി റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച പുറത്തു വന്ന പശ്ചാത്തലത്തിലാണ് മാര്‍പാപ്പ ഈ വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്. മൂന്നുറിലധികം വൈദികരാണ് ചൂഷണം നടത്തിയിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വാസ്തവത്തില്‍ ചൂഷണത്തിനു വിധേയരായ കുട്ടികള്‍ അനേകായിരം വരുമെങ്കിലും സഭ അത് മൂടിവച്ചതു കൊണ്ട് പ്രോസിക്യൂഷനുള്ള സമയ പരിധി പല കേസിലും കഴിഞ്ഞുവെന്നും ചൂഷണം നടത്തിയ വൈദികര്‍ ഇനിയുമേറെ വരുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.

ലൈംഗിക ചൂഷണം സംബന്ധിച്ച് ഇതാദ്യമായാണ് മാര്‍പാപ്പ ആഗോള കത്തോലിക്കാ സമൂഹത്തിന് കത്തെഴുതുന്നതെന്ന് വത്തിക്കാന്‍ പറയുന്നു. അമേരിക്കയിലെ ലൈംഗിക വിവാദം നേരിട്ട് പരാമര്‍ശിക്കുന്ന രണ്ടായിരം വാക്കുകള്‍ വരുന്ന കത്തില്‍ സമയബന്ധിതമായി ഇക്കാര്യത്തില്‍ ഇടപെടുന്നതില്‍ സഭയ്ക്ക് വീഴ്ച വന്നതായി സമ്മതിക്കുന്നുണ്ട്. ചൂഷണത്തിനു വിധേയരാവരെ അവഗണിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്തത് ഹൃദയഭേദകമാണെന്ന് മാര്‍പാപ്പ പറഞ്ഞു. നാണക്കേടോടെയും മനസ്താപത്തോടെയും സഭയ്ക്കു വന്ന വീഴ്ച തുറന്നു സമ്മതിക്കുകയാണെന്നും, ഇതുമൂലം അനേകര്‍ക്കുണ്ടായ മനോവേദനയുടെ ആഴം മനസിലാക്കാതെ സമയബന്ധിതമായി നടപടികള്‍ എടുക്കാന്‍ കഴിയാതെ വന്നത് വലിയ അപരാധമാണെന്നും മാപ്പു ചോദിക്കുകയാണെന്നും മാര്‍പാപ്പ പറഞ്ഞു.

Tags:    

Similar News