‘തുര്‍ക്കിയെ മുട്ടുകുത്തിക്കാം എന്നത് വ്യാമോഹം മാത്രം’
രാജ്യത്തിനെതിരില്‍ ഗൂഡാലോചന നടത്തുന്നവര്‍ വൈകാതെ തന്നെ ഖേദിക്കേണ്ടി വരും
അമേരിക്കയുമായുള്ള രാഷ്ട്രീയ-സാമ്പത്തിക പോര് സങ്കീര്‍ണ്ണമായ സാഹചര്യത്തില്‍, രാജ്യത്തിനെതിരെയുള്ള ഒരു ഭീഷണിയും വിലപോവില്ലെന്നും ആരുടെയും മുന്നില്‍ മുട്ടുമടക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഈദ് ദിനത്തോടനുബന്ധിച്ച് ഇറക്കിയ പ്രസ്താവനയിലാണ് ട്രംപിനെയും, വിവിധ അമേരിക്കന്‍ റേറ്റിങ് ഏജന്‍സികളെയും പേരെടുത്ത് പറയാതെ അദ്ദേഹം വിമര്‍ശിച്ചത്.
സമ്പദ് വ്യവസ്ഥക്കെതിരെയുള്ള ആക്രമണം രാജ്യത്തിനെതിരെയുള്ള ആക്രമണത്തിനു തുല്ല്യമാണ്. തുര്‍ക്കിക്കെതിരില്‍ സമാന ശക്തികളുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തുന്നവര്‍ വൈകാതെ തന്നെ ഖേദിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുമായി നയതന്ത്ര ബന്ധം വഷളായതിനെ തുടര്‍ന്ന് തുര്‍ക്കി കറന്‍സിയായ ലിറയുടെ മൂല്യത്തില്‍ 40 ശതമാനമാനത്തിന്റെ കുറവാണ് ഈ വര്‍ഷം ഉണ്ടായിട്ടുള്ളത്. ഇതിനു പുറമെ മൂഡീസ്, എസ് ആന്‍ഡ് പി ഉള്‍പ്പടെയുള്ള റേറ്റിങ് ഏജന്‍സികളും ലിറയെ തരം താഴ്ത്തിയിരുന്നു.