രക്തം പുരണ്ട പാഡ് കാണിക്കാൻ നിർബന്ധിതയായി, അമേരിക്കൻ എയർപോർട്ടിൽ നേരിടേണ്ടി വന്ന ദുരവസ്ഥ വിവരിച്ച് മുസ്‍ലിം യുവതി
ഹാർവാഡ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയും ‘സൈനബ് റൈറ്റ്സ്’ എന്ന ഓൺലൈൻ സൈറ്റ് എഡിറ്ററുമായ സൈനബ് മെർച്ചന്റിനാണ് അമേരിക്കൻ എയർപോർട്ടിൽ വെച്ച് ടി.എസ്.എ. അധികൃതരിൽ നിന്നും മോശം അനുഭവം നേരിട്ടത്. ബോസ്റ്റണിൽ നിന്നും വാഷിങ്ങ്ടണിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു സൈനബ്. ടി.എസ്.എ. യുടെ പതിവ് സെക്യൂരിറ്റി പരിശോധനയുടെ പേര് പറഞ്ഞാണ് സൈനബിനോട് അരക്ക് താഴെ തുറന്ന് കാണിക്കാൻ ആവശ്യപ്പെട്ടത്. താൻ പാഡ് ധരിച്ചിട്ടുണ്ടെന്നും ആർത്തവാവസ്ഥയിലാണെന്നും പറഞ്ഞിട്ടും അവർ പിന്മാറാൻ തയാറായില്ലെന്നും പിന്നീട് ബലം പ്രയോഗിച്ച് തന്നെ അടുത്തുള്ള സ്വകാര്യ പരിശോധന സ്ഥലത്തേക്ക് കൊണ്ട് പോയി തന്റെ പാന്റും അടി വസ്ത്രവും മാറ്റി രക്തം പുരണ്ട പാഡ് കാണിക്കേണ്ടി വന്നുവെന്ന് സൈനബ് പേടിയോടെ തന്നെ പറയുന്നു. സംഭവത്തിന് ശേഷം ഉദ്യോഗസ്ഥരോട് പേരും ബാഡ്‌ജും കാണിക്കാൻ ആവശ്യപ്പെട്ട തന്നോട് അത് കാണിക്കാൻ പോലും തയാറാകാതെ ഒഴിഞ്ഞു പോവുകയായിരുന്നുവെന്നും സൈനബ് പറയുന്നു. കഴിഞ്ഞ രണ്ട് വർഷത്തോളമായി ഇത് പോലുള്ള നിരവധി പരിശോധനകൾക്ക് താൻ വിധേയമായിട്ടുണ്ടെന്ന് സൈനബ് തന്നെ സാക്ഷ്യപ്പെടുത്തുന്നു.
അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ സൈനബിന് ശക്തമായ പിന്തുണയാണ് നൽകിയിട്ടുള്ളത്. ഡിപ്പാർട്മെന്റ് ഓഫ് ഹോം ലാൻഡ് സെക്യൂരിറ്റിക്കെതിരെ നിയമ നടപടിക്കൊരുങ്ങുകകയാണ് സൈനബ് ഇപ്പോൾ.