സിംബാവെയിൽ രാഷ്ട്രീയപ്പോര് മുറുകുന്നു
സിംബാബ്‍വെയെ നയിക്കാനുള്ള കൃത്യമായ അവകാശം തനിക്കുണ്ടെന്ന് നെല്‍സണ്‍ ചമൈസ
സിംബാബ്‍വെയിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ഹരജി തള്ളിക്കൊണ്ടുള്ള കോടതി വിധിക്കെതിരെ പ്രതിപക്ഷം രംഗത്ത്. കോടതി വിധി അംഗീകരിക്കില്ലെന്ന് പ്രതിപക്ഷനേതാവ് നെല്‍സണ്‍ ചമൈസ. സാനു പിഎഫ് പാര്‍ട്ടി നേതാവ് എമേഴ്സണ്‍ നംഗ്വാഗ്വെയുടെ വിജയം തെരഞ്ഞെടുപ്പില്‍ കൃത്വിമത്വം നടത്തിയാണെന്ന് ആവര്‍ത്തിക്കുകയാണ് പ്രതിപക്ഷം. സിംബാബ്‍വെയെ നയിക്കാനുള്ള കൃത്യമായ അവകാശം തനിക്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് അവകാശപ്പെട്ടു.
ചമൈസയുടെ വാദങ്ങള്‍ക്ക് പിന്തുണയുമായി നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. എന്നാല്‍ ആരോപണങ്ങള്‍ക്കപ്പുറം തെരഞ്ഞെടുപ്പില്‍ കൃത്വിമത്വം നടന്നുവെന്നതിന് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ ഇപ്പോഴും പ്രതിപക്ഷ പാര്‍ട്ടിയായ എം.ഡി.സിക്കായിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന പ്രതിപക്ഷത്തിന്റെ ഹരജി കഴിഞ്ഞ ദിവസമാണ് സിംബാബ്‍വെന്‍ കോടതി തള്ളിയത്. കേസ് പരിഗണിച്ച ബെഞ്ചിലുണ്ടായിരുന്ന 9 ജഡ്ജിമാരും ഏകകണ്ഠമായാണ് വിധി പ്രസ്താവിച്ചത്.
എം.ഡി.സി നടത്തിയ പ്രക്ഷോഭക്ഷങ്ങള്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ നേരത്തെ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. സാനു പി.എഫ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിരുന്നു എമേഴ്സണ്‍ മംഗാഗ്‍വെ 50.7 ശതമാനം വോട്ട് നേടിയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. എം.ഡി.സി സ്ഥാനാര്‍ഥി നെല്‍സണ്‍ ചമൈസ 44.3 ശതമാനം വോട്ടുകളും നേടിയിരുന്നു.