കൊളംബിയയിലെ അഴിമതിക്കെതിരായ ജനഹിതപരിശോധന പരാജയം
മതിയായ വോട്ടുകള്‍ രേഖപ്പെടുത്താത്ത സാഹചര്യത്തില്‍ നിയമം പ്രാബല്യത്തിലെത്തണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടിവരും
കൊളംബിയയില്‍ അഴിമതിക്കെതിരെ നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി നടന്ന ജനഹിതപരിശോധന പരാജയപ്പെട്ടു. ജനപ്രതിനിധികളുടെ വേതനം വെട്ടിച്ചുരുക്കുക, അഴിമതിക്കാരെ തുറങ്കിലടക്കുകക, തുടങ്ങി ഏഴ് ചോദ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് വോട്ടെടുപ്പ് നടന്നത്. ഈ ഏഴ് ചോദ്യങ്ങള്‍ക്കും യോജിക്കുന്നു, അല്ലെങ്കില്‍ വിയോജിക്കുന്നു എന്ന് രേഖപ്പെടുത്താം. എന്നാല്‍ ഒരു കോടി 21 ലക്ഷം പേരുടെ വോട്ട് വേണ്ടിയയിടത്ത് ഒരു കോടി 17 ലക്ഷം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതോടെയാണ് പരിഷ്കരണ നടപടികളുമായി മുന്നോട്ടുപോകുന്നത് പ്രതിസന്ധിയിലായത്.
നിയമം പാസായിരുന്നവെങ്കില്‍ നിലവില്‍ മന്ത്രിമാരുടെയും മറ്റും വേതനം വെട്ടിച്ചുരുക്കപ്പെടും. പൊതുപ്രവര്‍ത്തകര്‍ തങ്ങളുടെ സ്വത്ത് വെളിപ്പെടുത്തുകയും വേണം. അഴിമതി കണ്ടെത്തിയാല്‍ ജയില്‍ ശിക്ഷലഭിക്കുകയും ചെയ്യും.
അഴിമതി ഏറെ നിറഞ്ഞ രാജ്യങ്ങളിലൊന്നാണ് കൊളംബിയ. സെനറ്റര്‍മാര്‍ക്ക് വലിയ തുകയാണ് ശമ്പളമായി ലഭിക്കുന്നത്. ഹോളണ്ട്, സ്വീഡന്‍, ഫ്രാന്‍സ് തുടങ്ങിയ വികസിത രാജ്യങ്ങളിലെ ജനപ്രതിനിധികളേക്കാള്‍ കൂടുതലാണിത്. പലരും ഖജനാവില്‍ നിന്നും പണം ദുരുപയോഗം ചെയ്യാറുമുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് കൊളംബിയന്‍ കോണ്‍ഗ്രസിലാണെന്നത് ജനങ്ങളെ അഴിമതിക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചു. പ്രസിഡന്റ് ഇവാന്‍ ദ്യൂക്വെ നിയമം കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലുള്ള പലരും ഇതിനോട് വിയോജിപ്പിലാണ്. നിയന്ത്രണങ്ങളും നിയമങ്ങളും വന്നാലും മാറ്റങ്ങള്‍ ഉണ്ടാകില്ലെന്നാണ് ഇവരുടെ പക്ഷം.
വോട്ടെടുപ്പ് രാജ്യത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന പ്രതീക്ഷയിലായിരുന്നു രാഷ്ട്രീയനിരീക്ഷകര്‍.