റോഹിങ്ക്യകളെ വംശഹത്യക്കിരയാക്കുന്ന സൈനികോദ്യോഗസ്ഥരെ വിചാരണ ചെയ്യണമെന്ന് യു.എന്‍

അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിച്ചാണ് മ്യാന്‍മറിലെ സൈനിക നേതൃത്വം റോഹിങ്ക്യകള്‍ക്കെതിരായ വംശഹത്യ തുടരുന്നതെന്നും യു.എന്‍ അന്വേഷണ സമിതി കണ്ടെത്തി

Update: 2018-08-28 03:02 GMT
Advertising

മ്യാന്‍മറില്‍ റോഹിങ്ക്യകളെ വംശഹത്യക്കിരയാക്കുന്ന സൈനികോദ്യോഗസ്ഥരെ വിചാരണ ചെയ്യണമെന്ന് യു.എന്‍ . അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിച്ചാണ് മ്യാന്‍മറിലെ സൈനിക നേതൃത്വം റോഹിങ്ക്യകള്‍ക്കെതിരായ വംശഹത്യ തുടരുന്നതെന്നും യു.എന്‍ അന്വേഷണ സമിതി കണ്ടെത്തി.

യുഎന്നിന്റെ മനുഷ്യാവകാശ കൌണ്‍സില്‍ 2017 മാര്‍ച്ചിലാണ് റോഹിങ്ക്യകള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മ്യാന്‍മറില്‍ നടക്കുന്നത് എല്ലാ അന്താരാഷ്ട്ര നിയമങ്ങള്‍ക്കും അതീതമായ മനുഷ്യാവകാശ ലംഘനമാണെന്ന് യുഎന്‍ സമിതി കണ്ടെത്തി. മ്യാന്മ‍റില്‍ പീഡനത്തിനിരയായവരെയും സാക്ഷികളെയുമടക്കം 875 പേരുമായി നടത്തിയ കൂടിക്കാഴ്ചയുടെയും ചിത്രങ്ങളും ദൃശ്യങ്ങളും പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിലാണ് ഈ കണ്ടത്തിലിലേക്കെത്തിയതെന്നും യു.എന്‍ നിയോഗിച്ച അന്വേഷണ സമിതിയുടെ ചെയമര്‍മാന്‍ മര്‍സൂകി ദരുസ്മാന്‍ ജനീവയില്‍ വ്യക്തമാക്കി. എല്ലാ അതിരുകളും ലംഘിക്കപ്പെ‍ട്ട് ഞെട്ടിക്കുന്ന തരത്തിലുള്ള മനുഷ്യാവകാശ ലംഘനമാണ് മ്യാന്‍മറില്‍ നടക്കുന്നതെന്ന് ബോധ്യപ്പെട്ടതായും മര്‍സൂക്കി വ്യക്തമാക്കി. കമാന്‍ഡര്‍ ഇന്‍ ചീഫ് അടക്കമുള്ള മിലിട്ടറി ജനറല്‍മാരെല്ലാം തീര്‍ച്ചയായും അന്വേഷണവും വിചാരണയും നേരിടണമെന്നും യുഎന്‍ സമിതി വ്യക്തമാക്കുന്നു.

മ്യാന്‍മര്‍ പട്ടാളത്തിനൊപ്പം സുരക്ഷാ സേനയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ പങ്കാളികളാണെന്നും യു.എന്‍ കണ്ടെത്തിയിട്ടുണ്ട്. വടക്കന്‍ മ്യാന്‍മറിലും രാഖിനേ സ്റ്റേററിലും സുരക്ഷാ സേന ജന ജീവിതത്തിന് വലിയ ഭീഷണിയാണെന്നും അന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ട്. റോഹിങ്ക്യകള്‍ക്കെതിരെ മ്യാന്‍മാറില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ ലോകവ്യാപമായി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് യുഎന്‍ സമിതിയും കുറ്റക്കാരായ സൈനികരെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ടിരിക്കുന്നത്.

Tags:    

Similar News