അമേരിക്കന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ബ്ലോഗ് എഴുതി; മുസ്‍ലിം വിദ്യാര്‍ത്ഥിനിയെ സാനിറ്ററി പാഡ് വരെ അഴിപ്പിച്ച് പരിശോധന നടത്തി
സൈനബ് റൈറ്റ്‌സ് എന്ന വെബ്സൈറ്റിന്റെ സ്ഥാപകയും എഡിറ്ററുമാണ് സൈനബ്. സാധാരണയായി നടക്കാറുള്ള സുരക്ഷയ്ക്ക് പുറമേ സ്വകാര്യ മുറിയില്‍ കൊണ്ടുപോയി അപമാനിക്കുകയായിരുന്നുവെന്ന് സൈനബ് പറഞ്ഞു.
അമേരിക്കന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ബ്ലോഗ് എഴുതിയതിന് ഹാര്‍വാര്‍ഡ് സര്‍വകലാശാലാ വിദ്യാര്‍ത്ഥിനിക്ക് വിമാനത്താവളത്തില്‍ പീഡനം. വിമാനത്താവളത്തില്‍ വെച്ച് സാനിറ്ററി പാഡ് അടക്കം അഴിപ്പിച്ച് വിവസ്ത്രയാക്കി പരിശോധന നടത്തിയെന്നാണ് പരാതി. ഹാര്‍വാര്‍ഡ് സര്‍വകലാശാലാ വിദ്യാര്‍ത്ഥിനിയായ സൈനബ് മര്‍ച്ചന്റാണ് അധികൃതരുടെ പീഡനത്തിന് ഇരയായത്. ബോസ്റ്റണില്‍ നിന്ന് വാഷിംഗ്ടണിലേക്കുള്ള യാത്രക്കിടെയാണ് സൈനബിന് ദുരനുഭവമുണ്ടായത്.
‘’അവിടെ നിന്ന ആ നിമിഷത്തില്‍ തന്നെ ഉരുകിപ്പോയെങ്കിലെന്നു തോന്നി. തികച്ചും മനുഷ്യത്വരഹിതമായിരുന്നു അവരുടെ പരിശോധന. അവരെന്നെ ഇനി ഒരു ദിവസം അറസ്റ്റ് ചെയ്താലും ഞാന്‍ അത്ഭുതപ്പെടില്ല.’’ സൈനബ് പറയുന്നു.
സൈനബ് റൈറ്റ്‌സ് എന്ന വെബ്സൈറ്റിന്റെ സ്ഥാപകയും എഡിറ്ററുമാണ് സൈനബ്. സാധാരണയായി നടക്കാറുള്ള സുരക്ഷയ്ക്ക് പുറമേ സ്വകാര്യ മുറിയില്‍ കൊണ്ടുപോയി അപമാനിക്കുകയായിരുന്നുവെന്ന് സൈനബ് പറഞ്ഞു. ഈ പരിശോധനയെ സൈനബ് എതിര്‍ത്തെങ്കിലും, ആവശ്യം പരിഗണിക്കാതെ അധികൃതര്‍ വസ്ത്രങ്ങള്‍ വരെ അഴിപ്പിക്കുകയായിരുന്നു. ഒടുവില്‍ സാനിറ്ററി പാഡ് വരെ അഴിപ്പിച്ചതായും സൈനബ് പറയുന്നു.
''അവിടെ നിന്ന ആ നിമിഷത്തില്‍ തന്നെ ഉരുകിപ്പോയെങ്കിലെന്നു തോന്നി. തികച്ചും മനുഷ്യത്വരഹിതമായിരുന്നു അവരുടെ പരിശോധന. ഫ്ലൈറ്റില്‍ പോകാന്‍ കഴിയുമോ എന്നു പോലും സംശയിക്കുന്ന അവസ്ഥയുണ്ടായി. അവരെന്നെ ഇനി ഒരു ദിവസം അറസ്റ്റ് ചെയ്താലും ഞാന്‍ അത്ഭുതപ്പെടില്ല.'' തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് സൈനബ് പ്രതികരിച്ചു. പരിശോധനക്ക് ശേഷം ഉദ്യോഗസ്ഥരുടെ ഐ.ഡി നമ്പര്‍ സൈനബ് ആവശ്യപ്പെട്ടെങ്കിലും, അധികൃതര്‍ നല്‍കാന്‍ തയ്യാറായില്ല.
സര്‍ക്കാരിനെ വിമര്‍ശിച്ച തന്റെ ബ്ലോഗുകളാണ് പരിശോധനയ്ക്ക് പിന്നിലെന്നും, 2016 മുതല്‍ ഇത്തരം നടപടികള്‍ തനിക്കെതിരെ നടക്കുന്നുണ്ടെന്നും സൈനബ് മാധ്യമങ്ങളോട് പറഞ്ഞു. അതിക്രമത്തിനെതിരെ സൈനബ് ഹോം ലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന് പരാതി നല്‍കി.