ഇദ് ലീബ് പ്രവിശ്യയില്‍ നിന്നും വിമതരെ പൂര്‍ണമായും തുരത്തുന്നത് വരെ പോരാട്ടം തുടരണമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി

സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനാണ് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് ദമസ്കസിലെത്തിയത്. 

Update: 2018-09-04 02:43 GMT
Advertising

ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയ സന്ദര്‍ശിച്ചു. ഇദ് ലീബ് പ്രവിശ്യയില്‍ നിന്നും വിമതരെ പൂര്‍ണമായും തുരത്തുന്നത് വരെ പോരാട്ടം തുടരണമെന്ന് സരീഫ് സിറിയയോട് ആവശ്യപ്പെട്ടു.

സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനാണ് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് ദമസ്കസിലെത്തിയത്. സിറിയന്‍ പ്രധാനമന്ത്രി ഇമാദ് ഖമീസ് , മറ്റു ഉന്നത നേതാക്കള്‍ എന്നിവരുമായും സരീഫ് ചര്‍ച്ച നടത്തി. സിറിയയുടെ മുഴുവന്‍ പ്രദേശവും വിമതരില്‍ നിന്ന് തിരിച്ചുപിടിക്കണമെന്നും തകര്‍ന്ന സിറിയയുടെ മുഴുവന്‍ വിഭവങ്ങളെയും പുനര്‍നിര്‍മിക്കണമെന്നും സരീഫ് പറഞ്ഞു. വിമതരുടെ ശക്തി കേന്ദ്രമായ ഇദ് ലീബിനെ പൂര്‍ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ പ്രഥമ ശ്രദ്ധ നല്‍കണമെന്നും സരീഫ് പറഞ്ഞു.

ഇറാനും സിറിയയും തമ്മില്‍ സൈനിക സഹകരണത്തിന് കരാറില്‍ ഒപ്പു വെച്ചതിനു പിന്നാലെയാണ് ഇറാന്‍ വിദേശകാര്യമന്ത്രിയുടെ സിറിയന്‍ സന്ദര്‍ശനം. കഴിഞ്ഞ ഞായറാഴ്ചയാണ് ദമസ്‌കസില്‍ വെച്ച് ഇരു രാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാര്‍ തമ്മില്‍ കരാര്‍ ഒപ്പിട്ടത്.ഇറാന്റെ പങ്കാളിത്തവും സാന്നിധ്യവും സിറിയയിലെ പ്രതിരോധത്തിന് ശക്തി പകരുമെന്ന് കരാറില്‍ ഒപ്പിട്ടതിനു ശേഷം ഇറാന്‍ പ്രതിരോധ മന്ത്രി ആമിര്‍ ഹതാമി വ്യക്തമാക്കിയിരുന്നു. കരാര്‍ പ്രകാരം ഇറാന്‍ സൈനിക ഉപദേഷ്ടാക്കള്‍ സിറിയയില്‍ തുടരുമെന്ന് മുഹമ്മദ് ജവാദ് സരീഫ് പറഞ്ഞു.

Tags:    

Similar News