ആഫ്രിക്കൻ രാഷ്ട്രങ്ങളായ എത്യോപ്യയും എറിത്രിയയും സമാധാന കരാറിൽ ഒപ്പുവെച്ചു
ഭിന്നതയില്‍ കഴിഞ്ഞ ആഫ്രിക്കൻ രാഷ്ട്രങ്ങളായ എത്യോപ്യയും എറിത്രിയയും സമാധാന കരാറിൽ ഒപ്പുവെച്ചു. സല്‍മാന്‍ രാജാവിന്റെ സാന്നിധ്യത്തില്‍ ജിദ്ദയിലായിരുന്നു ചടങ്ങ്. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലും ചടങ്ങിന് സാക്ഷിയായി. പതിറ്റാണ്ടുകള്‍ നീണ്ട ഏറ്റുമുട്ടലിനാണ് ഇതോടെ അറുതിയായത്.
ജിദ്ദയിലെ അൽസലാം കൊട്ടാരത്തിലായിരുന്നു ചടങ്ങ്. സൗദി ഭരണാധികാരി സൽമാൻ രാജാവും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും സാക്ഷികളായി. എറിത്രിയൻ പ്രസിഡൻറ് ഐസയ്യാസ് അഫ്‌വെർകിയും എത്യോപ്യൻ പ്രധാനമന്ത്രി അബിയ്അഹമദും സമാധാന കരാര്‍ ഒപ്പു വെച്ചു. അതിര്‍ത്തി തര്‍ക്കത്തില്‍ തുടങ്ങി രക്ത രൂക്ഷിത കലാപത്തിലെത്തിയ നാളുകള്‍ക്ക് ഇതോടെ അന്ത്യമായി. ഇതിനകം സംഘർഷങ്ങളിൽ ആയിരക്കണക്കിന്പേരാണ് മരിച്ചത്.
സമാധാന വഴിയിലേക്കുള്ള പ്രാഥമിക കരാർ ജൂലൈയിൽ ഒപ്പുവെച്ചിരുന്നു. 20 വർഷമായി അടച്ചിട്ട അതിർത്തികൾ കഴിഞ്ഞ ചൊവ്വാഴ്ച തുറന്നു. ശാശ്വതമായ സമാധാനത്തിന് വേണ്ടിയുള്ള കരാറാണിപ്പോള്‍ ജിദ്ദയില്‍ വെച്ച് പിറന്നത്.