സന്ദേശം അയച്ച് നിശ്ചിത സമയത്തിനകം സ്വയം ഡിലീറ്റ് ആകുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ അമേരിക്കന്‍ പൊലീസ് ഉപയോഗിക്കുന്നതായി കണ്ടെത്തല്‍

സന്ദേശങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് പൊലീസ് ഇത്തരത്തിലുള്ള ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതെന്നാണ് വാര്‍ത്ത പുറത്ത് വിട്ട അല്‍ജസീറ പറയുന്നത്. 

Update: 2018-09-19 03:07 GMT
Advertising

സന്ദേശം അയച്ച് നിശ്ചിത സമയത്തിനകം സ്വയം ഡിലീറ്റ് ആകുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ അമേരിക്കന്‍ പൊലീസ് ഉപയോഗിക്കുന്നതായി കണ്ടെത്തല്‍. സൌത്ത് കാലിഫോര്‍ണിയയിലെ ലോംഗ് ബീച്ച് പൊലീസാണ് ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്. സന്ദേശങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് പൊലീസ് ഇത്തരത്തിലുള്ള ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതെന്നാണ് വാര്‍ത്ത പുറത്ത് വിട്ട അല്‍ജസീറ പറയുന്നത്.

ഗൌരവ സ്വഭാവമുള്ളതും സുപ്രധാനവുമായ വിവരങ്ങള്‍ പുറത്ത് എത്താതിരിക്കാനാണ് ലോംഗ് ബീച്ച് പൊലീസ് ടൈഗര്‍ ടെക്സ്റ്റ് എന്ന ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഫോണില്‍ നിന്നും അയക്കുന്ന സന്ദേശങ്ങള്‍ നിശ്ചിത സമയത്തിനകം സ്വയം ഡിലീറ്റ് ആകും. ഫോറന്‍സിക് പരിശോധനയിലോ മറ്റു മാര്‍ഗങ്ങളിലൂടെയോ സന്ദേശം തിരിച്ചെടുക്കാനാകില്ല.

പൊലീസ് ഓപ്പറേഷനുകള്‍, നിര്‍ണായക വ്യക്തിവിവരങ്ങള്‍ തുടങ്ങിയവയുടെ കൈമാറ്റത്തിനാണ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത് എന്ന് റിട്ടയേര്‍ഡ‍് ചെയ്തതുള്‍പ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ചില കേസുകളില്‍ സന്ദേശങ്ങള്‍ കോടതികളില്‍ തെളിവായി ഉപയോഗിക്കാതിരിക്കാനും ആപ്ലിക്കേഷന്‍ പൊലീസിനെ സഹായിക്കുന്നു. എന്നാല്‍ ഇക്കാര്യം ലോംഗ് ബീച്ച് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് നിഷേധിച്ചു. ഇത്തരത്തിലുള്ള ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം സംബന്ധിച്ച് അറിയില്ലെന്നാണ് മേഖലയിലെ അഭിഭാഷകരുടെ പ്രതികരണം. ആപ്ലിക്കേഷന്‍‌ പൊലീസ് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് നിയമവിരുദ്ധമാണെന്നും അഭിഭാഷകര്‍ അഭിപ്രായപ്പെടുന്നു.

Tags:    

Similar News