അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ചൈന അധിക നികുതി ഏര്‍പ്പെടുത്തി

ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 200 ബില്യണ്‍ ഡോളറിന്റെ അധിക ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നീക്കത്തിന് പിന്നാലെയാണ് ചൈനയുടെ നടപടി.

Update: 2018-09-19 02:40 GMT
Advertising

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപര യുദ്ധം മുറുകുന്നു. അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ചൈന 60 ബില്യണ്‍ ഡോളറിന്റെ അധിക നികുതി ഏര്‍പ്പെടുത്തി. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 200 ബില്യണ്‍ ഡോളറിന്റെ അധിക ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നീക്കത്തിന് പിന്നാലെയാണ് ചൈനയുടെ നടപടി.

അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 60 ബില്ല്യണ്‍ ഡോളറിന്റെ അധി‌ക നികുതി ഏര്‍പ്പെടുത്താനാണ് ചൈനയുടെ നീക്കം. ഏകദേശം 5200 ഓളം ഉത്പന്നങ്ങള്‍ക്ക് അഞ്ച് മുതല്‍ 10 ശതമാനം വരെയായിരിക്കും നികുതി ഏര്‍പ്പെടുത്തുക. തിങ്കളാഴ്ച പുതിയ നികുതി പ്രാബല്യത്തില്‍ വരും. അന്ന് തന്നെയാണ് അമേരിക്ക ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയ നികുതിയും പ്രാബല്യത്തില്‍ വരുന്നത്.

ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ നികുതി ചുമത്താനുള്ള അമേരിക്കയുടെ ഏകപക്ഷീയമായ നീക്കങ്ങള്‍ക്ക് എതിരെ പ്രതികരിക്കാന്‍ നിര്‍ബന്ധിതരായെന്നായിരുന്നു ചൈനയുടെ പ്രതികരണം. മറ്റു മാര്‍ഗങ്ങളില്ലാതെ ആയതോടെയാണ് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ചുങ്കം ഏര്‍പ്പെടുത്തുന്നതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വിഷയത്തില്‍ അമേരിക്കക്ക് എതിരെ ലോക വ്യാപാര സംഘടനയില്‍ പുതിയ പരാതി നല്‍കുമെന്നും ചൈന അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് മേല്‍ 200 ബില്യണ്‍ ഡോളറിന്റെ നികുതി ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് അറിയിച്ചത്.

Tags:    

Similar News