ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ രണ്ട് ഫലസ്തീന്‍ പൌരന്‍മാര്‍ കൊല്ലപ്പെട്ടു
46 പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.വടക്കന്‍ ഗസ്സയിലെ ഇറേസില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പിലാണ് രണ്ട് ഫലസ്തീന്‍ പൌരന്‍മാര്‍ കൊല്ലപ്പെട്ടത്
ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ രണ്ട് ഫലസ്തീന്‍ പൌരന്‍മാര്‍ കൊല്ലപ്പെട്ടു. 46 പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വടക്കന്‍ ഗസ്സയിലെ ഇറേസില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പിലാണ് രണ്ട് ഫലസ്തീന്‍ പൌരന്‍മാര്‍ കൊല്ലപ്പെട്ടത്.
ഇബ്രാഹിം അള്‍ നജ്ജാര്‍, മുഹമ്മദ് ഖാദിര്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 26 ഫലസ്തീന്‍ പൌരന്മാര്‍ക്ക് വെടിയേറ്റതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. സംഭവത്തിന് പിന്നാലെ ഫലസ്തീന്‍ യുവാക്കള്‍ അക്രമാസക്തരായി തെരുവിലിറങ്ങി. റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും ഇസ്രായേല്‍ സൈന്യത്തിന് നേരെ കല്ലെറിയുകയും ചെയ്തു.
എന്നാല്‍ ഫലസ്തീനികള്‍ക്ക് എതിരെ നിറയൊഴിച്ചെന്ന ആരോപണം ഇസ്രായേല്‍ നിഷേധിച്ചു. അതിര്‍ത്തിയിലെ മതിലിനടുത്ത് തീവ്രവാദി സാന്നിധ്യമുണ്ടായെന്നും ഇവരെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നും ഇസ്രായേല്‍ സൈന്യം പറഞ്ഞു. ഓള്‍ഡ് ജറുസലേം നഗരത്തില്‍ നടന്ന ആക്രമണത്തില്‍ മറ്റൊരു യുവാവും ഇസ്രായേല്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചു.