ഇദ്‍ലിബ് നഗരത്തെ ബഫര്‍ സോണായി പ്രഖ്യാപിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ഇറാന്‍
പുതിയ നയതന്ത്രബന്ധത്തിന് തുടക്കം കുറിക്കുന്ന തീരുമാനമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി.
സിറിയയിലെ ഇദ്‍ലിബ് നഗരത്തെ ബഫര്‍ സോണായി പ്രഖ്യാപിക്കാനുള്ള റഷ്യയുടെയും തുര്‍ക്കിയുടെയും തീരുമാനത്തെ സ്വാഗതം ചെയ്ത് ഇറാന്‍. പുതിയ നയതന്ത്രബന്ധത്തിന് തുടക്കം കുറിക്കുന്ന തീരുമാനമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി.
റഷ്യയിലെ സോച്ചിയില്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് സിറിയയിലെ ഇദ്‍ലിബ് നഗരത്തെ ബഫര്‍ സോണായി പ്രഖ്യാപിക്കാന്‍ ധാരണയായത്. തീരുമാനത്തെ സ്വാഗതം ചെയ്ത് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സാരിഫ് രംഗത്തെത്തി. പുതിയ തയതന്ത്രബന്ധത്തിന് തുടക്കം കുറിക്കുന്ന തീരുമാനമാണ് ഇരു രാജ്യങ്ങളും കൈകൊണ്ടതെന്ന് സാരിഫ് പറഞ്ഞു.
കഴിഞ്ഞയാഴ്ച തെഹ്റാനില്‍ നടന്ന ഇറാന്‍-റഷ്യ-തുര്‍ക്കി ഉച്ചകോടിയില്‍ ഇദ്‍ലിബിലെ സ്ഥിതിഗതികള്‍ ചര്‍ച്ചയായിരുന്നു. ഭീകരവിരുദ്ധതയ്ക്കെതിരെ ഒറ്റക്കെട്ടായി പോരാടാനും തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 15ന് ബഫര്‍ സോണ്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് റഷ്യയുടെയും തുര്‍ക്കിയുടെയും ധാരണ.ഇദ്‌ലിബ് ആസ്ഥാനമാക്കിയ അല്‍ നുസ്‌റ അടക്കമുള്ള ഭീകര സംഘടനകള്‍ ഇദ്‌ലിബ് വിടണമെന്നാണ് വ്യവസ്ഥ. സേനയും വിമതരും പിന്‍മാറിയാല്‍ ഇദ്‌ലിബ് നഗരത്തിന്റെ നിയന്ത്രണം റഷ്യയും തുര്‍ക്കിയും സംയുക്തമായി ഏറ്റെടുക്കും.
തുര്‍ക്കിയുടെ പിന്തുണയുള്ള വിമതസേനയുടെ നിയന്ത്രണത്തിലുള്ള അവസാന പ്രവിശ്യയാണ് ഇദ്‌ലിബ്. വിമതരുടെ അവസാന തുരുത്ത് പിടിച്ചെടുക്കാനുള്ള സായുധ നീക്കം മഹാദുരന്തമായിത്തീരുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയിരുന്നു.