അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിനെതിരെ ട്രംപ്
തനിക്ക് ഒരു അറ്റോര്‍ണി ജനറലിനെ ആവശ്യമില്ലെന്നാണ് ട്രംപിന്റെ പ്രതികരണം.
അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിനെതിരെ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. തനിക്ക് ഒരു അറ്റോര്‍ണി ജനറലിനെ ആവശ്യമില്ലെന്നാണ് ട്രംപിന്റെ പ്രതികരണം. 2106ലെ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായി എന്ന ആരോപണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിന്ന് സെഷന്‍സ് അകലം പാലിച്ചതിലുള്ള വിയോജിപ്പാണ് ട്രംപിന്റെ പരാമര്‍ശത്തിന് പിന്നില്‍.
കടുത്ത ഭാഷയിലായിരുന്നു അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിനെതിരെ ട്രംപിന്റെ പരാമര്‍ശം. തനിക്ക് അറ്റോര്‍ണി ജനറലിനെ ആവശ്യമില്ലെന്ന് പറഞ്ഞ ട്രംപ് കുടിയേറ്റ വിഷയത്തിലുള്ള സെഷന്‍സിന്റെ നിലപാടിനെതിരെയും സംസാരിച്ചു. അദ്ദേഹത്തിന്റെ നിലപാടില്‍ താന്‍ തൃപ്തനല്ലെന്നാണ് ട്രംപ് പറഞ്ഞത്. ഒരു ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ തുറന്നുപറച്ചില്‍. 2016ലെ തെരെഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായി എന്ന ആരോപണത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ നിന്ന് ജെഫ് സെഷന്‍സ് അകലം പാലിച്ചതിലുള്ള അതൃപ്തിയാണ് ട്രംപിന്റെ ഈ പ്രസ്താവനക്ക് പിന്നിലുള്ളത്. എന്നാലിതുവരെ ട്രംപിന്റെ പ്രസ്താവനയോട് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് പ്രതികരിച്ചിട്ടില്ല.
നിലവില്‍ പ്രസിഡന്റ് പദവിയിലിരിക്കുന്ന ഒരാള്‍ രാജ്യത്തെ അറ്റോര്‍ണി ജനറലിനെതിരെ രംഗത്ത് വരുന്നത് അസാധാരണ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ മാസവും ഇതുപോലെ സെഷന്‍സിനെതിരെ ട്രംപ് വിമര്‍ശനമുന്നയിച്ചിരുന്നു. അന്ന് 2 റിപ്പബ്ലിക്കന്‍ സെനറ്റ് അംഗങ്ങള്‍ ട്രംപിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. നവംബറില്‍ നടക്കുന്ന അര്‍ധ വാര്‍ഷിക തെരെഞ്ഞെടുപ്പില്‍ സെഷന്‍സിനെ പുറത്താക്കാന്‍ ട്രംപ് നീക്കം നടത്തുമെന്നതിനാലാണ് ട്രംപിനെ പിന്തുണച്ച് അവര്‍ രംഗത്ത് വന്നത്.
എന്നാല്‍ ബാക്കി സെനെറ്റ് അംഗങ്ങള്‍ ഇവരെ പിന്തുണച്ചില്ല. ഇവരുടെ തീരുമാനം ശരിയല്ല എന്ന അഭിപ്രായക്കാരാണ് മറ്റ് അംഗങ്ങള്‍. അവര്‍ സെഷന്‍സിനൊപ്പമാണ് നിലകൊണ്ടത്. പ്രസിഡന്‍ഷ്യല്‍ തെരെഞ്ഞെടുപ്പ് നടന്ന സമയത്ത് ട്രംപിനെ പിന്തുണച്ച് വ്യക്തിയായിരുന്നു അറ്റോര്‍ണി ജനറലായ ജെഫ് സെഷന്‍സ്.