വെനസ്വേലയിലെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഉത്തരവാദി ഭരണകൂടമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍

പൌരന്മാര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ആംനസ്റ്റിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Update: 2018-09-21 03:15 GMT
Advertising

വെനസ്വേലയിലെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഉത്തരവാദി രാജ്യത്തെ ഭരണകൂടമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. പൌരന്മാര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ആംനസ്റ്റിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

വെനസ്വേലന്‍ സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ നിരത്തി വെച്ചാണ് പല മനുഷ്യാവകാശ ധ്വംസനങ്ങളും യു.എന്നിന്റെ മനുഷ്യാവകാശ സംഘടനയായ ആനസ്റ്റി ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാണിക്കുന്നത്. സര്‍ക്കാരിന്റെ തന്നെ കണക്കനുസരിച്ച് 2015 മുതല്‍ 2017 വരെ 8292 പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. 2016ല്‍ മാത്രം 4667 പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചു. കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടവരില്‍ 60 ശതമനവും 12 വയസിനും 29 വയസിനുമിടയിലുള്ളവരാണെന്നും ആംനസ്റ്റിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാജ്യത്തെ 87 ശതമാനം പേരും കടുത്ത ദാരിദ്ര്യത്തിലാണെന്ന ഞെട്ടിക്കുന്ന വസ്തുതയും റിപ്പോര്‍ട്ട് പുറത്തുവിടുന്നുണ്ട്. ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകളുടെ മരണനിരക്ക് 65 ശതമാനം കൂടി. ശിശു മരണത്തില്‍ 30 ശതമാനത്തിന്റെ വര്‍ധനവുമുണ്ടായി. സുരക്ഷാ പ്രശ്നം മൂലം 2014ന് ശേഷം മാത്രം വെനസ്വേലയില്‍ നിന്ന് 23 ലക്ഷം പേര്‍ രാജ്യത്തു നിന്നും പലായനം ചെയ്തുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Tags:    

Similar News