റോഹിങ്ക്യന്‍ മുസ്ലിംകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വംശഹത്യയാണെന്ന് കനേഡിയന്‍ പാര്‍ലമെന്റ്
അന്താരാഷ്ട്ര ക്രിമിനല്‍ കോടതി മ്യാന്മറിനെതിരെ കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്നും കാനഡയുടെ പാര്‍ലമെന്റ് പാസ്സാക്കിയ പ്രമേയത്തില്‍ പറയുന്നു.
മ്യാൻമറിലെ റോഹിങ്ക്യന്‍ മുസ്ലിംകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വംശഹത്യയാണെന്ന് കനേഡിയന്‍ പാര്‍ലമെന്റ് പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി മ്യാന്മറിനെതിരെ കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്നും കാനഡയുടെ പാര്‍ലമെന്റ് പാസ്സാക്കിയ പ്രമേയത്തില്‍ പറയുന്നു.
കാനഡയുടെ പാര്‍ലമെന്റ് ഐക്യകണ്ഠേനയാണ് മ്യാന്മര്‍ സൈന്യത്തിനെതിരെയുള്ള പ്രമേയം പാസ്സാക്കിയത്. കഴിഞ്ഞ വര്‍ഷം നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട യു.എന്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കനേഡിയന്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കിയത്. വംശഹത്യ ലക്ഷ്യം വച്ചുതന്നെയായിരുന്നു റോഹിങ്ക്യകള്‍ക്കെതിരായ അക്രമങ്ങളെന്ന് പ്രമേയത്തില്‍ പറയുന്നു.
മ്യാന്മറിലെ വംശഹത്യയുമായി ബന്ധപ്പെടട് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടു മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത വിഷയത്തില്‍ മാപ്പു പറഞ്ഞ് മ്യാന്‍മര്‍ സര്‍ക്കാര്‍ രണ്ടുപേരെയും വിട്ടയക്കണമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മ്യാന്‍മര്‍ സൈന്യം റോഹിങ്ക്യന്‍ ജനതക്ക് നേരെ നടത്തിയത് വംശഹത്യയാണെന്ന് ഐക്യരാഷ്ട്രസഭയുടെ വസ്തുതാന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കമാന്‍ഡര്‍ ഇന്‍ ചീഫടക്കം അഞ്ച് പേര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അന്വേഷണ സമിതി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാനഡ പാര്‍ലമെന്റ് മ്യാന്മര്‍ സൈന്യത്തിനെതിരെ രംഗത്തെത്തിയത്.