യുദ്ധത്തിന് തയാറാണ്... പക്ഷേ... ഇന്ത്യ - പാകിസ്താന്‍ സംഘര്‍ഷത്തില്‍ പാക് സൈന്യം

പാക് സൈന്യത്തിനും തീവ്രവാദികൾക്കും അതെ നാണയത്തില്‍ തന്നെ മറുപടി നല്‍കാന്‍ സാധിക്കുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു. 

Update: 2018-09-23 04:22 GMT
Advertising

ചെറിയൊരു ഇടവേളക്ക് ശേഷം ഇന്ത്യ - പാക് അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ വഷളാവുകയാണ്. കഴിഞ്ഞദിവസം ബി.എസ്.എഫ് ജവാനെ തട്ടിക്കൊണ്ട് പോയി അതിക്രൂരവും പൈശാചികവുമായി കൊലപ്പെടുത്തിയ പാക് സൈന്യത്തിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് ഇന്ത്യന്‍ സൈനിക നേതൃത്വം രംഗത്ത് വന്നിരുന്നു. പാക് സൈന്യത്തിനും തീവ്രവാദികൾക്കും അതെ നാണയത്തില്‍ തന്നെ മറുപടി നല്‍കാന്‍ സാധിക്കുമെന്നും ഇന്ത്യൻ കരസേന മേധാവി ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് പാക് സൈനിക വക്താവ് ആസിഫ് ഗഫൂര്‍ രംഗത്തുവന്നിരിക്കുന്നത്.

പാക് സൈന്യം യുദ്ധത്തിന് തയാറാണെന്നും പക്ഷേ ജനങ്ങളുടെ താല്‍പര്യപ്രകാരം സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കുകയാണെന്നുമായിരുന്നു ആസിഫിന്റെ മറുപടി. തീവ്രവാദത്തിനെതിരെ വര്‍ഷങ്ങള്‍ നീണ്ട യുദ്ധം ചെയ്ത പാരമ്പര്യമാണ് പാകിസ്താനുള്ളത്. സമാധാനത്തിന്റെ വില തങ്ങള്‍ക്ക് നന്നായി അറിയാം. സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കുന്നത് തങ്ങളുടെ ദൌര്‍ബല്യമായി കാണരുതെന്നും ആസിഫ് പറഞ്ഞു. തങ്ങളും ആണവ രാഷ്ട്രമാണെന്ന് മറക്കരുതെന്നും ആസിഫ് മുന്നറിയിപ്പ് നല്‍കി. സമാധാനം പരിപാലിക്കാന്‍ കഴിഞ്ഞ രണ്ടു ദശകങ്ങളായി തങ്ങള്‍ പാടുപെടുകയാണെന്നും തങ്ങള്‍ ഒരിക്കലും ഒരു സൈനികനെയും അപമാനിക്കില്ലെന്നും ആസിഫ് പറഞ്ഞു.

ജവാന്റെ കഴുത്തറുത്ത സംഭവത്തില്‍ പാകിസ്താന്‍ സര്‍ക്കാരിനോടും പാക് സൈന്യത്തോടും ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനൊപ്പം ഇന്ത്യ-പാക് സമാധാന ചര്‍ച്ചയ്ക്കായുള്ള പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ക്ഷണം ഇന്ത്യ നിരസിക്കുകയും ചെയ്തു. പാക് സൈന്യവും തീവ്രവാദികളും നടത്തുന്ന കിരാത ആക്രമണങ്ങൾ തടയുന്നതിന് ശക്തമായ നടപടികൾ‍ ഇന്ത്യ സ്വീകരിക്കണമെന്ന് ബിപിൻ റാവത്തും പറഞ്ഞു.

Tags:    

Similar News