കിഴക്കന്‍ ജറുസലമിനെ വെസ്റ്റ് ബാങ്കില്‍ നിന്ന് വേര്‍തിരിക്കാന്‍ ഇസ്രായേല്‍ പുതിയ കുടിയേറ്റ കേന്ദ്രം നിര്‍മിക്കുന്നു
അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഖാന്‍ അല്‍ അഹ്മര്‍ ഗ്രാമത്തിലെ ഫലസ്തീന്‍ ബദൂവീന്‍ ഗോത്രവിഭാഗക്കാരോട് ഒഴിഞ്ഞുപോകാന്‍ സൈന്യം ആവശ്യപ്പെട്ടു.
കിഴക്കന്‍ ജറുസലമിനെ വെസ്റ്റ് ബാങ്കില്‍ നിന്ന് വേര്‍തിരിക്കാന്‍ ഇസ്രായേല്‍ പുതിയ കുടിയേറ്റ കേന്ദ്രം നിര്‍മിക്കുന്നു. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഖാന്‍ അല്‍ അഹ്മര്‍ ഗ്രാമത്തിലെ ഫലസ്തീന്‍ ബദൂവീന്‍ ഗോത്രവിഭാഗക്കാരോട് ഒഴിഞ്ഞുപോകാന്‍ സൈന്യം ആവശ്യപ്പെട്ടു. ഒക്ടോബര്‍ ഒന്നിനാണ് സമയപരിധി.
വെസ്റ്റ് ബാങ്കിനും കിഴക്കന്‍ ജറുസലേമിനും ഇടയിലായാണ് ഖാന്‍അല്‍ അഹ്മര്‍ സ്ഥിതിചെയ്യുന്നത്. ഇവിടം ഇടിച്ച് നിരത്തി കുടിയേറ്റ കേന്ദ്രം നിര്‍മ്മിച്ച് കിഴക്കന്‍ ജറുസലേമിനെ ഫലസ്ഥീനില്‍ നിന്നും വേര്‍തിരിക്കാനാണ് ഇസ്രായേല്‍ പദ്ധതി. നഅന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് ജറുസലമില്‍ ഇസ്രായേലിന് അവകാശമില്ല. കിഴക്കന്‍ ജറുസലം തലസ്ഥാനമാക്കിയാണ് സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിനായി ഫലസ്തീന്‍ അതോറിറ്റി ശ്രമം തുടരുന്നത്. ഖാന്‍ അല്‍ അഅ്മറില്‍ കുടിയേറ്റ കേന്ദ്രം സ്ഥാപിച്ചാല്‍ വെസ്റ്റ് ബാങ്കിലുള്ള ഫലസ്തീനികള്‍ക്ക് കിഴക്കന്‍ ജറുസലമിലേക്ക് പ്രവേശിക്കാനാകില്ല. പ്രദേശം ഇടിച്ചുനിരത്തി ഇവിടുത്തെ 180 പേരെ താമസിപ്പിക്കാന്‍ കഴിയുന്ന കുടിയേറ്റകേന്ദ്രം നിര്‍മിക്കാനാണ് ഇസ്രായേലിന്റ പദ്ധതി. ഒക്ടോബര്‍ ഒന്നിനകം സ്വമേധയ കെട്ടിടങ്ങള്‍ ഒഴിഞ്ഞ് തരണമെന്നാണ് ഇസ്രായേല്‍ സൈന്യം പ്രദേശവാസികള്‍ക്ക് കൈമാറിയ ഉത്തരവില്‍ പറയുന്നത്. നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും ഒഴിഞ്ഞുപോയില്ലെങ്കില്‍ ഉത്തരവ് നടപ്പിലാക്കുമെന്നും സൈന്യം അറിയിച്ചു. തകര പാട്ടകള്‍ കൊണ്ടും മരക്കഷണങ്ങള്‍ കൊണ്ടു നിര്‍മ്മിച്ച കുടിലുകളാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. ആടുവളര്‍ത്തലാണ് ബധൂവിയന്‍ ഗോത്രവര്‍ഗക്കാരുടെ ഉപജീവനമാര്‍ഗം. വര്‍ഷങ്ങളായി താമസിക്കുന്ന സ്ഥലം ഒഴിഞ്ഞുപോകാന്‍ തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് ഇവര്‍.
ഇസ്രായേലിന്റെ നടപടിയെ ചോദ്യം ചെയ്ത് ഫലസ്തീന് പിന്തുണയുമായി ചില യൂറോപ്യന്‍ രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് സമാധാനം നിലനിര്‍ത്താനുള്ള സാധ്യതകള്‍ തേടുമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ അറിയിച്ചു.