മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്താന് പങ്കുണ്ടെന്ന നവാസ് ശെരീഫിന്‍റെ വെളിപ്പെടുത്തലില്‍ ഇടപെടലുമായി ലാഹോര്‍ ഹൈകോടതി
2008ല്‍ 10 എല്‍.ഇ.ടി ഭീകരര്‍ മുംബൈയില്‍ നടത്തിയ ആക്രമണം 166 പേരുടെ ജീവനെടുത്തു
26/11 മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്താന് പങ്കുണ്ടെന്ന മുന്‍ പ്രധാനമന്ത്രി നവാസ് ശെരീഫിന്‍റെ പ്രസ്താവനക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ ലാഹോര്‍ ഹൈകോടതി ഒക്ടോബര്‍ എട്ടിന് വാദം കേള്‍ക്കും. ഭീകര സംഘടനകള്‍ പാകിസ്താനില്‍ സജീവമാണെന്നാണ് ഡോണ്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ശെരീഫ് പറഞ്ഞത്. ഈ സംഘടനകള്‍ക്ക് അതിര്‍ത്തി കടന്ന് മുംബൈയിലെത്തി ജനങ്ങളെ കൊല്ലാന്‍ അനുവാദം നല്‍കുന്നതെങ്ങനെയെന്നും ശെരീഫ് ചോദിച്ചു.
സയിദ് മഹ്സര്‍ അലി അക്ബര്‍ നക്വിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മൂന്നംഗ ബെഞ്ച് അഭിമുഖം ചെയ്ത മാധ്യമ പ്രവര്‍ത്തകനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു. ഒക്ടോബര്‍ എട്ടിന് ഹാജരാകണമെന്ന തീരുമാനത്തോടൊപ്പം ഇന്ന് കോടതിയില്‍ ഹാജരാവാത്തതിന് നവാസ് ശെരീഫിനെ കോടതി വിമര്‍ശിച്ചു. ഭാര്യ കുല്‍സും നവാസിന്‍റെ നിര്യാണത്തെ തുടര്‍ന്ന് നവാസ് ശെരീഫ് ലണ്ടനിലാണ്.
വിവിധ കേസുകളില്‍പ്പെട്ട് ജയില്‍വാസം അനുഭവിക്കുകയായിരുന്ന നവാസ് ശെരീഫ് മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്താന് പങ്കുണ്ടെന്ന പ്രസ്താവനയിലൂടെ രാജ്യദ്രോഹമാണ് ചെയ്തതെന്ന് പരാതിക്കാരി അമീന മാലിക് പറഞ്ഞു. 2008ല്‍ 10 എല്‍.ഇ.ടി ഭീകരര്‍ മുംബൈയില്‍ നടത്തിയ ആക്രമണം 166 പേരുടെ ജീവനെടുത്തു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒന്‍പത് പേരെ പോലീസ് കൊലപ്പെടുത്തിയപ്പോള്‍ അജ്മല്‍ കസബ് എന്നയാള്‍ മാത്രം രക്ഷപ്പെട്ടിരുന്നു. ഇയാളെ പിന്നീട് പിടികൂടുകയും തൂക്കികൊല്ലുകയും ചെയ്തു.