അമേരിക്ക- ചൈന വ്യാപാരയുദ്ധം മുറുകുന്നു

പുതിയ നികുതി സമ്പ്രദായം പ്രാബല്യത്തിലായതോടെ അമേരിക്ക വ്യാപാര മാനദണ്ഡങ്ങളും പരസ്പര ബഹുമാനവും ലംഘിച്ചിരിക്കുകയാണെന്നും ചൈന കുറ്റപ്പെടുത്തി.

Update: 2018-09-25 02:16 GMT
Advertising

അമേരിക്ക- ചൈന വ്യാപാരയുദ്ധം മുറുകുന്നു. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് പത്ത് ശതമാനം നികുതി ഏര്‍പ്പെടുത്തി കൊണ്ടുള്ള തീരുമാനം ഇന്നലെ മുതല്‍ പ്രാബല്യത്തിലായി. 200 ബില്യണ്‍ ഡോളറിന് മുകളില്‍ ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉത്പന്നങ്ങള്‍ക്കാണ് നികുതി ബാധകമാകുക.

സെപ്തംബര്‍ 17നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് പുതിയ നികുതി ഏര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചത്. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന 200 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉത്പന്നങ്ങള്‍ക്ക് പത്ത് ശതമാനമാനം നികുതിയാണ് ഏര്‍പ്പെടുത്തിയത്. ഈ പ്രഖ്യാപനം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നതായി ചൈന അറിയിച്ചു. പുതിയ നികുതി സമ്പ്രദായം പ്രാബല്യത്തിലായതോടെ അമേരിക്ക വ്യാപാര മാനദണ്ഡങ്ങളും പരസ്പര ബഹുമാനവും ലംഘിച്ചിരിക്കുകയാണെന്നും ചൈന കുറ്റപ്പെടുത്തി.

മസാലകള്‍, ബേസ്ബോള്‍ ഗ്ലൌസ്, വ്യാവസായിക യന്ത്രങ്ങള്‍, കാര്‍ പാട്സ്, വസ്ത്രങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങല്‍ക്കാണ് പത്ത് ശതമാനം നികുതി ബാധകമാകുക. അമേരിക്കന്‍ നടപടിക്ക് മറുപടി നല്‍കുന്നതിന്റെ ഭാഗമായി 5200 യുഎസ് ഉത്പന്നങ്ങള്‍ക്ക് 5 മുതല്‍ 10 ശതമാനം വരെ നികുതി ചുമത്തുമെന്ന് ചൈനീസ് ധനമന്ത്രി പറഞ്ഞിരുന്നു. അമേരിക്കയുമായുള്ള നികുതി യുദ്ധത്തിന് അന്ത്യം ഇടുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ലോക വ്യാപാര സംഘടനയില്‍ പുതിയ പരാതി നല്‍കുമെന്ന് ചൈന പറഞ്ഞു.

ഇതിന് മുമ്പ് 50 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇരുരാജ്യങ്ങളും പരസ്പരം നികുതി ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ അടുത്ത വര്‍ഷം ജനുവരിയില്‍ ഇരുരാജ്യങ്ങളും വ്യാപാര കരാറില്‍ എത്തിയില്ലെങ്കില്‍ നികുതി 25 ശതമാനമായി വര്‍ധിപ്പിക്കുമെന്ന ഭീഷണിയും ട്രംപ് മുഴക്കിയിട്ടുണ്ട്. ഈ മാസം അവസാനം വാഷിങ്ടണില്‍ വെച്ച് നടക്കുന്ന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകും. എന്നാല്‍ നവംബറില്‍ അമേരിക്കയില്‍ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും മുമ്പ് ഇത്തരമൊരു ചര്‍ച്ച നടത്തേണ്ടെന്ന നിലപാടാണ് ചൈനക്കുള്ളത്.

Tags:    

Similar News