അന്താരാഷ്ട്രവിപണിയില്‍ എണ്ണ വില കഴിഞ്ഞ 4 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

എണ്ണയുടെ വിപണി ആവശ്യവും ലഭ്യതയും തമ്മില്‍ സന്തുലിതാവസ്ഥയിലാണെന്ന് ഉല്‍പാദന രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടു. ഉല്‍പാദനം വര്‍ധിപ്പിക്കണമെന്ന് ഒപെക് അംഗരാജ്യങ്ങളോട് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.

Update: 2018-09-25 02:22 GMT
Advertising

അന്താരാഷ്ട്രവിപണിയില്‍ എണ്ണ വില കഴിഞ്ഞ നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തി. നവംബറിലെ ഓര്‍ഡറിനുള്ള തിങ്കളാഴ്ചത്തെ നിരക്ക് ബാരലിന് 81 ഡോളര്‍ വരെ എത്തിയതായി സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് 2014 നവംബറിന് ശേഷമുള്ള ഏറ്റവും കൂടിയ നിരക്കാണ്.

അള്‍ജീരിയയില്‍ ചേര്‍ന്ന ഒപെക് അംഗരാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഉല്‍പാദനം വര്‍ധിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതാണ് വില വര്‍ധനവിന് പ്രത്യക്ഷ കാരണം. അതേസമയം എണ്ണയുടെ വിപണി ആവശ്യവും ലഭ്യതയും തമ്മില്‍ സന്തുലിതാവസ്ഥയാണുള്ളതെന്ന് ഉല്‍പാദന രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടു. ഉല്‍പാദനം വര്‍ധിപ്പിക്കണമെന്ന് ഒപെക് അംഗരാജ്യങ്ങളോട് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.

ഇതിനോട് പ്രതികരിക്കവെ, വിപണി ആവശ്യം ബോധ്യപ്പെടുന്ന വേളയില്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനാവുമെന്ന് സൗദി ഊര്‍ജ്ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. ദിനേന 18 ലക്ഷം ബാരല്‍ ഉല്‍പാദനം കുറക്കാനാണ് 2016ല്‍ ഒപെക് അംഗരാജ്യങ്ങളും റഷ്യയും ചേര്‍ന്ന് തീരുമാനിച്ചിട്ടുള്ളത്. സൗദിയുടെ ഉല്‍പാദനക്ഷമത കണക്കാക്കുമ്പോള്‍ ദിനേന 15 ലക്ഷം ബാരല്‍ വരെ ഉല്‍പാദനം കൂട്ടാന്‍ അനിവാര്യ ഘട്ടത്തില്‍ സാധിക്കും. എന്നാല്‍ കൂട്ടായ്മയിലെ അംഗരാജ്യങ്ങള്‍ക്കിടയിലെ ധാരണയനുസരിച്ചാണ് ഉല്‍പാദന വര്‍ധനവിന് തീരുമാനമെടുക്കുക.

Tags:    

Similar News