അമേരിക്കന്‍ ഉപരോധം സാമ്പത്തിക ഭീകരതയെന്ന് ഹസ്സന്‍ റൂഹാനി

യു.എസ് ഭരണകൂടം തന്‍റെ സര്‍ക്കാറിനെ താഴെ ഇടാന്‍ ശ്രമിക്കുകയാണെന്നും ഇറാന്‍ പ്രസിഡന്‍റ് ആരോപിച്ചു. നിയമം അനുസരിച്ച് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുക എന്നതാണ് ഇറാന്‍റെ ലക്ഷ്യമെന്നും റൂഹാനി പറഞ്ഞു.

Update: 2018-09-26 02:01 GMT
Advertising

അമേരിക്കന്‍ ഉപരോധം സാമ്പത്തിക ഭീകരതയെന്ന് ഇറാന്‍ പ്രസിഡന്‍റ് ഹസ്സന്‍ റൂഹാനി. ആഗോള വ്യാപാരത്തില്‍ നിന്നും തെഹ്റാനെ ഒറ്റപ്പെടുത്താന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ട് ട്രംപും. ഐക്യരാഷ്ട്ര സഭയില്‍ നടത്തിയ പ്രസംഗത്തിലാണ് ഇരു നേതാക്കളും പരസ്പരം ഏറ്റുമുട്ടിയത്.

2015ലെ ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറുകയും ഇറാനുമേല്‍ സാമ്പത്തിക ഉപരോധം കൊണ്ട് വരികയും ചെയ്തിരുന്നു. ട്രംപിന്‍റെ ഈ നടപടിയാണ് ഇറാന്‍ പ്രസിഡന്‍റിനെ ചൊടിപ്പിച്ചത്. ഇതിന്‍റെ പ്രതിഫലനമാണ് ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ ഇരു നേതാക്കളും വാക്കു തര്‍ക്കത്തിലേര്‍പ്പെടാന്‍ ഇടയാക്കിയത്. ഇറാന്‍ ലോകത്തെ ഭീകരതയുടെ സ്പോണ്‍സര്‍മാരാണെന്ന് പറഞ്ഞ് ട്രംപാണ് ആദ്യ വെടിപൊട്ടിച്ചത്. ഇറാന്‍ നേതാക്കള്‍ രാജ്യത്തിന്‍റെ ഖജനാവില്‍ നിന്നും ശതകോടിക്കണക്കിന് ഡോളറുകള്‍ തട്ടിയെടുക്കുന്നു. ഈ പണമുപയോഗിച്ച് സ്പോണ്‍സേര്‍ഡ് യുദ്ധങ്ങള്‍ നടത്തുകയാണെന്നും ട്രംപ് ആരോപിച്ചു.

നവംബര്‍ 5ന് ഊര്‍ജ മേഖലയിലും ബാങ്കിങ് മേഖലയിലും രണ്ടാം ഘട്ട ഉപരോധം കൊണ്ട് വരാന്‍ പോകുകയാണ് അമേരിക്ക. ഇത് മൂലം ഇറാന്‍ കൂടുതല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു. കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള ട്രംപിന്‍റെ തീരുമാനം സാമ്പത്തിക ഭീകരതയാണെന്ന് റൂഹാനി പറഞ്ഞു. യു.എസ് ഭരണകൂടം തന്‍റെ സര്‍ക്കാറിനെ താഴെ ഇടാന്‍ ശ്രമിക്കുകയാണെന്നും ഇറാന്‍ പ്രസിഡന്‍റ് ആരോപിച്ചു. ഇറാന്‍ പറയുന്നത് വ്യക്തമാണ്, യുദ്ധത്തിനില്ല, ഉപരോധത്തിനില്ല, ഭീഷണിപ്പെടുത്താനും ഇല്ല. നിയമം അനുസരിച്ച് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുക എന്നതാണ് ഇറാന്‍റെ ലക്ഷ്യമെന്നും റൂഹാനി പറഞ്ഞു.

Tags:    

Similar News