ചൈനയില്‍ 1500ലധികം ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു

നവംബര്‍ ഒന്നു മുതലാണ് നികുതി ഇളവ് പ്രാബല്യത്തില്‍ വരിക.

Update: 2018-09-27 07:58 GMT
Advertising

ചൈനയില്‍ ആയിരത്തി അഞ്ഞൂറിലധികം ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു. നവംബര്‍ ഒന്നു മുതലാണ് നികുതി ഇളവ് പ്രാബല്യത്തില്‍ വരിക.

വ്യവസായിക മേഖലയിലെ ഉന്നമനം, തൊഴില്‍ മേഖലയിലെ ചെലവ് ചുരുക്കല്‍, പ്രാദേശിക വിപണിയില്‍ ആവശ്യത്തിന് ഉല്‍പന്നങ്ങള്‍ എത്തിക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്ക് വലിയ തോതില്‍ നികുതി ഇളവിന് ചൈനീസ് സര്‍ക്കാരിന്റെ തീരുമാനം. സ്റ്റേറ്റ് കൌണ്‍സിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇതുവഴി ഏകദേശം 8.7 ബില്യണ്‍ യു.എസ് ഡോളറിന്റെ ലാഭമാണ് ചൈനയിലെ വ്യാവസായിക സ്ഥാപനങ്ങള്‍ക്കും ഒപ്പം ഉപഭോക്താക്കള്‍ക്കും ഉണ്ടാവുകയെന്ന് സ്റ്റേറ്റ് കൌണ്‍സിലിന്റെ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

നിര്‍മാണ സാമഗ്രികള്‍, ഇലക്ട്രിക് ഉല്‍പന്നങ്ങൾ എന്നിവയുടെ നികുതി 12.2ല്‍ നിന്ന് 8.8 ആയി കുറച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന തുണിത്തരങ്ങളുടെ നികുതിയും 11.5 ല്‍ നിന്ന് 8.4 ആയി കുറച്ചിട്ടുണ്ട്. അവശ്യവസ്തുക്കളുടെ നികുതി 6.6 ല്‍ നിന്ന് 5.4 ആയും കുറച്ചു. വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള നടപടികളും ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിദേശനിക്ഷേപത്തിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കും.

Tags:    

Similar News