‘അമേരിക്ക അപവാദ പ്രചരണം നിര്‍ത്തണം’ താക്കീതുമായി ചൈന
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ചൈനീസ് ഇടപെടല്‍ നടന്നെന്ന ഡൊണള്‍ഡ് ട്രംപിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചൈനീസ് വിദേശകാര്യ മന്ത്രാലയം.
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ചൈനീസ് ഇടപെടല്‍ നടന്നെന്ന ഡൊണള്‍ഡ് ട്രംപിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചൈനീസ് വിദേശകാര്യ മന്ത്രാലയം. മറ്റൊരു രാജ്യത്തിന്‍റെ ആഭ്യന്തര കാര്യത്തില്‍ ഇടപെടാറില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി.
ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഗെങ് ഷുവാങ് പതിവ് വാര്‍ത്താ സമ്മേളനത്തിലാണ് അമേരിക്കന്‍ ആരോപണത്തോടുള്ള ചൈനയുടെ വിശദീകരണം നല്‍കിയത്. ഇത്തരം അപവാദ പ്രചരണവും വിമര്‍ശനവും അമേരിക്ക നിര്‍ത്തണമെന്നും ഗെങ് ഷുവാങ് അമേരിക്കക്ക് താക്കീത് നല്‍കി. മറ്റുള്ളവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ആരാണ് ഇടപെടുന്നതെന്ന് അന്താരാഷ്ട്ര സമൂഹത്തിന് വളരെ വ്യക്തമായി അറിയാമെന്നും അദ്ധേഹം പറഞ്ഞു.
അമേരിക്കന്‍ തെരഞ്ഞടുപ്പില്‍ ചൈന ഇടപെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യു.എന്‍ പൊതുസഭയില്‍ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് എതിരെയായിരുന്നു അന്നത്തെ ഇടപെടലെന്നും ട്രംപ് വ്യക്തമാക്കി. നവംബറില്‍ വരാന്‍ പോകുന്ന അര്‍ധവാര്‍ഷിക തെരഞ്ഞെടുപ്പിലും ചൈന തനിക്കെതിരെ ഇടപെടുമെന്നാണ് അമേരിക്കക്ക് ലഭിച്ച രഹസ്യ വിവരമെന്നും ട്രംപ് പറഞ്ഞു.
ചൈനയും അമേരിക്കയും തമ്മില്‍ വ്യാപാര യുദ്ധം മുറുകുന്നതിനിടെയായിരുന്നു ചൈനക്കെതിരെ വീണ്ടും അമേരിക്കയുടെ അടുത്ത ആരോപണം.