വിമാനം ‘പറന്നിറങ്ങിയത്’ കായലില്‍; യാത്രക്കാര്‍ രക്ഷപെടുന്ന ദൃശ്യങ്ങള്‍
മൈക്രോനേഷ്യയിലെ വെനോ വിമാനത്താവളത്തിലാണ് സംഭവം. എയർ ന്യൂഗിനി ബോയിങ് 737-800 യാത്രാവിമാനമാണ് അപകടത്തിൽപ്പെട്ടത്.
പസഫിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ മൈക്രോനേഷ്യയില്‍ വിമാനം നിയന്ത്രണംവിട്ട് കായലില്‍ പതിച്ചു. യാത്രക്കാരും ജീവനക്കാരുമടക്കം 47 പേരുമായാണ് യാത്രാവിമാനം കായലിലേക്ക് കൂപ്പുകുത്തിയത്. മൈക്രോനേഷ്യയിലെ വെനോ വിമാനത്താവളത്തിലാണ് സംഭവം.
എയർ ന്യൂഗിനി ബോയിങ് 737 യാത്രാവിമാനമാണ് അപകടത്തിൽപ്പെട്ടത്. സംഭവം നടന്ന ഉടൻ തന്നെ ചെറിയ വള്ളങ്ങളിൽ വിമാനത്തിന്റെ സമീപത്തെത്തിയ മത്സ്യത്തൊഴിലാളികൾ 36 യാത്രക്കാരെയും 11 ജീവനക്കാരെയും രക്ഷിച്ചു. യാത്രക്കാർക്ക് ആർക്കും ഗുരുതര പരിക്കില്ല. റൺവേയുടെ നീളക്കുറവാണ് അപകടത്തിന് വഴിവെച്ചതെന്ന് വിമാന അധികൃതർ അറിയിച്ചു.
റൺവേ അവസാനിക്കുന്നതിന് 30 മീറ്റർ അകലെയാണ് സാധാരണ വിമാനങ്ങൾ ലാൻഡ് ചെയ്യേണ്ടിരുന്നത്. എന്നാൽ, അപകടത്തിൽപ്പെട്ട വിമാനം റൺവേയുടെ പരിധി കടന്നു പോവുകയായിരുന്നു. പാപ്പുവ ന്യൂ ഗിനിയയുടെ ദേശീയ വിമാനകമ്പനിയാണ് എയർ ന്യൂഗിനി.