ഐക്യരാഷ്ട്രസഭ ധനസഹായം വെട്ടിക്കുറച്ചു; ജോര്‍ദാനിലെ സിറിയന്‍ അഭയാര്‍ഥികള്‍ ദുരിതത്തില്‍
സിറിയയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ പലായനം ചെയ്ത കുടുംബങ്ങളാണ് അത്യാവശ്യ ചെലവുകൾക്ക് മാര്‍ഗം കണ്ടെത്താനാവാതെ വലയുന്നത്.
ഐക്യരാഷ്ട്രസഭയുടെ ധനസഹായം വെട്ടിക്കുറച്ചത് മൂലം ജോര്‍ദാനിലെ സിറിയന്‍ അഭയാര്‍ഥികളുടെ ജീവിതം ദുരിതത്തിലാവുന്നു. സിറിയയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ പലായനം ചെയ്ത കുടുംബങ്ങളാണ് അത്യാവശ്യ ചെലവുകൾക്ക് മാര്‍ഗം കണ്ടെത്താനാവാതെ വലയുന്നത്.
‘’പത്ത് പേരുള്ള ഞങ്ങളുടെ കുടുംബത്തിന് 240 ദീനാറാണ് ഒരു മാസം ലഭിച്ചിരുന്നത്. ഏകദേശം 338 യു.എസ് ഡോളര്‍. ഒരു വര്‍ഷത്തിന് ശേഷം അത് ഒരാൾക്ക് പത്ത് ദീനാറെന്നായി കുറഞ്ഞു. ഇപ്പോൾ ഞങ്ങൾക്ക് 140 ദീനാര്‍ മാത്രമാണ് ലഭിക്കുന്നത്. അതില്‍ 70 ദീനാറും കുട്ടികളുടെ പഠനത്തിനായി ചെലവഴിക്കുന്നു.’’ അഭയാര്‍ത്ഥികളിലൊരാളായ അഹ്മദ് പറയുന്നു.
അഹ്മദും കുടുംബവും ജോര്‍ദാനിലെത്തിയത് ഏഴ് വര്‍ഷങ്ങൾക്ക് മുമ്പാണ്. സിറിയയില്‍ കലാപം പൊട്ടിപുറപ്പെട്ടപ്പോൾ അഹ്മദിനെ പോലെ നിരവധി കുടുംബങ്ങളാണ് ജോര്‍ദാനിലേക്ക് പലായനം ചെയ്തത്. കാമ്പില്‍ താമസമാക്കിയ അഭയാര്‍ഥികൾക്കാണ് ധനസഹായ പട്ടികയില്‍ മുന്‍ഗണന. വീടെടുത്ത് ക്യാമ്പിന് പുറത്ത് താമസിക്കുന്ന അഹ്മദിനെ പോലുള്ളവര്‍ക്ക് പരിഗണന ലഭിക്കുകയില്ല.
ഐക്യരാഷ്ട്രസഭയില്‍ നിന്നും ലഭിക്കുന്ന ധനസഹായം കുറയുമ്പോൾ ഇവരുടെ ദുരിതമേറും. ജോര്‍ദാനില്‍ താമസിക്കുന്ന 80 ശതമാനത്തിലേറെ സിറിയന്‍ കുടുംബങ്ങൾ ദാരിദ്ര്യ രേഖക്ക് താഴെയാണ്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷനില്‍ നിന്നുള്ള ധനസഹായം മാത്രമാണ് ഇവരുടെ ഏക ആശ്രയം. നിലവില്‍ 13 ലക്ഷം സിറിയന്‍ അഭയാര്‍ഥികളാണ് ജോര്‍ദാനില്‍ താമസിക്കുന്നത്. ഇതില്‍ പകുതി പേര്‍ മാത്രമേ ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി ഏജന്‍സിയായ യു.എന്‍.എച്ച്.സി.ആറുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ.