ഇന്തോനേഷ്യയിൽ സുനാമിയിലും ഭൂചലനത്തിലും 384 മരണം
350ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍പ്പെട്ടാണ് കൂടുതല്‍ പേരും മരിച്ചത്
ഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂചലനത്തിലും സുനാമിയിലും മരണ സംഖ്യ ഉയരുന്നു. ദുരന്തത്തില്‍ ഇതുവരെ 384പേര്‍ മരിച്ചു. 350ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍പ്പെട്ടാണ് കൂടുതല്‍ പേരും മരിച്ചത്. ദുരന്തത്തില്‍ എത്ര പേര്‍ അകപ്പെട്ടു എന്ന് ഇപ്പോഴും വ്യക്തമല്ല. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്തോനേഷ്യയിലെ സുലവോസി ദ്വീപിലാണ് ഭൂചലനവും തുടര്‍ന്ന് സുനാമിയും ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇന്ത്യന്‍ സമയം ഇന്നലെ ഉച്ചക്ക് ശേഷം 3.30 ഓടെയാണ് ആദ്യ ചലനമുണ്ടായത്. തുടര്‍ചലനങ്ങളുടെ തീവ്രത റിക്ടര്‍ സ്കെയിലില്‍ 7.7 രേഖപ്പെടുത്തി. ഇതിനു പിന്നാലെയാണ് സുനാമിയുണ്ടായത്. കടലില്‍ നിന്ന് മൂന്ന് മീറ്ററോളം ഉയരത്തില്‍ തിരമാല കരയിലേക്ക് ആഞ്ഞടിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.
എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ തീരങ്ങള്‍ കടലെടുത്തു. സുനാമിയില്‍പ്പെട്ട് നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. തകര്‍ന്ന വീടുകളില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇന്തോനേഷ്യയില്‍കഴിഞ്ഞ മാസങ്ങളിലുണ്ടായ ഭൂചനലത്തില്‍ 500ലേറെ പേര്‍ മരിച്ചിരുന്നു.