ട്രംപ് നിര്‍ദ്ദേശിച്ചയാള്‍ക്കെതിരെ ലൈംഗികാരോപണം; യുഎസ് സുപ്രീംകോടതി ജഡ്ജി വോട്ടെടുപ്പ് മാറ്റി
യുഎസ് സുപ്രീംകോടതിയിലേക്കുള്ള ജഡ്ജി നിയമനത്തിനുള്ള വോട്ടെടുപ്പ് മാറ്റിവെച്ചു. ഡൊണാള്‍ഡ് ട്രംപ് നോമിനേറ്റ് ചെയ്ത ബ്രെറ്റ് കവനോയ്‌ക്കെതിരായ ലൈംഗികാരോപണങ്ങളില്‍ എഫ്.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് വോട്ടെടുപ്പ് മാറ്റിയത്. അതിനിടെ കവനോയ്‌ക്കെതിരെ ലൈംഗിക പീഡനാരോപണവുമായി മറ്റൊരു സ്ത്രീ കൂടി രംഗത്തെത്തി.
ബ്രെറ്റ് കവനോയ്‌ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ട്രംപ് എഫ്.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്. വാഷിംഗ്ടണ്‍ ഡിസി സ്വദേശിയായ ജൂലി സ്വെറ്റ്‌നിക്ക് ആണ് ആരോപണവുമായി രംഗത്തെത്തിയത് 1980കളില്‍ ചില പാര്‍ട്ടികള്‍ക്കിടെയാണ് താന്‍ ബ്രെറ്റ് കവനോയെ പരിചയപ്പെട്ടതെന്ന് ജൂലി പറയുന്നു.
പല സ്ത്രീകളേയും കവനോയും അദ്ദേഹത്തിന്റെ സുഹൃത്ത് മാര്‍ക്ക് ജഡ്ജും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയിട്ടുണ്ടെന്നും ജൂലി ആരോപിക്കുന്നുണ്ട്. അതേസമയം കവനോ ജൂലിയുടെ ആരോപണം തള്ളിക്കളഞ്ഞു.1981-83 കാലങ്ങളില്‍ പങ്കെടുത്ത പാര്‍ട്ടികളെ പറ്റി ഓര്‍ക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിസിനസുകാരിയായ ജൂലി സ്വെറ്റ്‌നിക്, ഇന്റര്‍നാഷണല്‍ ബില്‍ഡിംഗ് സൊലൂഷന്‍സ് എന്ന കമ്പനി ഉടമയാണ്.
അതേസമയം എഫ്.ബി.ഐയുമായി സഹകരിക്കുമെന്ന് ആരോപണ വിധേയനായ ബ്രെറ്റ് കവനോ വ്യക്തമാക്കി. കാലിഫോര്‍ണിയ സര്‍വകലാശാല പ്രൊഫസര്‍ ക്രിസ്റ്റീന്‍ ബ്ലാസി ഫോര്‍ഡ് ആണ് ആദ്യം ബ്രെറ്റ് കവനോയ്‌ക്കെതിരെ ലൈംഗിക പീഡന ആരോപണവുമായി രംഗത്തെത്തിയത്. പിന്നീട് മറ്റൊരു സ്ത്രീയും കവനോയ്‌ക്കെതിരെ രംഗത്തെത്തി.
സെനറ്റിന്റെ അംഗീകാരവും വിശ്വാസവും നേടിയെടുക്കുക എന്ന വലിയ കടമ്പയാണ് ഇനി കവനോയ്ക്ക് മുന്‍പിലുള്ളത്. നിലവില്‍ 51 - 49 എന്ന നിലയിലാണ് സെനറ്റിലെ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ് കക്ഷി നില. എന്നാല്‍ രണ്ടാമതൊരു ആരോപണം കൂടെ ഉയര്‍ന്ന സാഹചര്യത്തില്‍ റിപ്പബ്ലിക്കന്‍ പക്ഷത്തിന് കവനോയെ സംരക്ഷിക്കുകയെന്നത് പ്രയാസമാകും. അതേസമയം കവന കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ സുപ്രീംകോടതിയിലേക്ക് മറ്റൊരംഗത്തെ നിര്‍ദേശിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.