ജെറുസലേം വില്‍പ്പനക്ക് വെച്ചിട്ടില്ലെന്ന് യുഎന്നില്‍ ഫലസ്തീന്‍ പ്രസിഡന്‍റ്

ജെറുസലേം ഒരു വില്‍പന ചരക്കല്ല എന്ന് പറഞ്ഞു കൊണ്ടാണ് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ മഹ്മൂദ് അബ്ബാസ് തന്റെ പ്രസംഗം ആരംഭിച്ചത്...

Update: 2018-09-29 02:40 GMT
Advertising

ഇസ്രായേലിനേയും അമേരിക്കയേയും രൂക്ഷമായി വിമര്‍ശിച്ച് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ഇസ്രായേല്‍ ഫലസ്തീന്‍ പ്രശ്‌നത്തില്‍ പക്ഷം പിടിക്കാതെ മധ്യസ്ഥം വഹിക്കാന്‍ അമേരിക്കക്ക് കഴിയില്ലെന്ന് അബ്ബാസ് വിമര്‍ശിച്ചു. ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവെയായിരുന്നു അബ്ബാസിന്റെ വിമര്‍ശനം.

ജെറുസലേം ഒരു വില്‍പന ചരക്കല്ല എന്ന് പറഞ്ഞു കൊണ്ടാണ് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ മഹ്മൂദ് അബ്ബാസ് തന്റെ പ്രസംഗം ആരംഭിച്ചത്. ഇസ്രായേലിന്റെ വംശീയതയിലൂന്നിയ നിയമത്തേയും ഇസ്രായേലിന് അമേരിക്ക നല്‍കുന്ന പിന്തുണയേയും അബ്ബാസ് വിമര്‍ശിച്ചു. ഐക്യരാഷ്ട്രസഭ പാസാക്കിയ പ്രമേയവും അന്താരാഷ്ട്ര നിയമങ്ങളും ഇരുകൂട്ടരും അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഇസ്രായേല്‍ പാസാക്കിയ ജൂത രാഷ്ട്ര നിയമം ഒരു വംശീയ രാജ്യത്തെയാണ് ഉണ്ടാക്കുക. ദ്വിരാഷ്ട്ര ഫോര്‍മുലയെന്ന പ്രശ്‌നപരിഹാരമാര്‍ഗം ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ എംബസി തെല്‍അവീവില്‍ നിന്ന് ജെറുസലേമിലേക്ക് മാറ്റിയതിന് ശേഷം യു.എന്നില്‍ ആദ്യമായി നടത്തിയ പ്രസംഗത്തില്‍ മഹ്മൂദ് അബ്ബാസ് അമേരിക്കയേയും ശക്തമായി വിമര്‍ശിച്ചു. അമേരിക്ക പുതിയ കണ്ണുകളോടെയാണ് ഫലസ്തീനെ നോക്കിക്കാണുന്നത്.

ഫലസ്തീനും ഇസ്രായേലിനുമിടയില്‍ മധ്യസ്ഥം വഹിക്കാന്‍ അമേരിക്കക്ക് കഴിയില്ല. അമേരിക്ക മുമ്പ് നല്‍കിയ വാഗ്ദാനങ്ങളെല്ലാം നിലവിലെ ഭരണകൂടം ലംഘിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഫലസ്തീന്‍ രാജ്യത്തെ അംഗീകരിച്ച് കൂടുതല്‍ ലോകരാഷ്ട്രങ്ങള്‍ മുന്നോട്ട് വരണമെന്ന് മഹ്മൂദ് അബ്ബാസ് ആഹ്വാനം ചെയ്തു.

Tags:    

Similar News