അസാധാരണ കൊലപാതകങ്ങളുടെ പേരില്‍ പ്രസിഡണ്ടിനെതിരെ ഫിലിപ്പൈന്‍സില്‍ പ്രതിഷേധം
തെറ്റുകാരനല്ലെന്നും തനിക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്നും ഡ്യുട്ടെര്‍ട്ട് വ്യക്തമാക്കി...
ഫിലിപ്പൈന്‍സില്‍ അസാധാരണ കൊലപാതകങ്ങളുടെ പേരില്‍ പ്രസിഡണ്ട് റോഡിഗ്രോ ഡ്യൂട്ടെര്‍ട്ടിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ വിശദീകരണവുമായി പ്രസിഡന്റ് രംഗത്ത്. താന്‍ തെറ്റുകാരനല്ലെന്നും തനിക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്നും ഡ്യുട്ടെര്‍ട്ട് വ്യക്തമാക്കി. പ്രസിഡന്റിന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
ഫിലിപ്പൈന്‍സ് പ്രസിഡന്റ് അന്റോണിയോ ഡ്യൂട്ടര്‍ട്ടിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ രണ്ട് കേസുകളാണ് നിലവിലുള്ളത്. ആയിരക്കണക്കിനാളുകളുടെ മരണത്തിന് കാരണമായ മയക്ക് മരുന്ന് വിരുദ്ധ കാമ്പയിന്‍ എല്ലാ മനുഷ്യാവകാശവും ലംഘിച്ചെന്നാണ് ഐ.സി.സി കണ്ടെത്തിയത്.
മയക്ക് മരുന്ന് കടത്തുകാര്‍ക്കെതിരായ യുദ്ധത്തില്‍ താന്‍ നേരിട്ട് പങ്കെടുത്തെന്നും പലരെയും സ്വന്തം തോക്ക് കൊണ്ട് വെടിവെച്ച് കൊന്നുവെന്നും ഡ്യുട്ടെര്‍ട്ട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ തുറന്ന് പറച്ചിലിനെതിരെ ഫിലിപ്പൈന്‍സിലെങ്ങും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്ന് വന്നത്. ഇതോടെയാണ് തന്റെ പ്രസ്താവനയെ ന്യായീകരിച്ച് പ്രസിഡന്റ് രംഗത്തെത്തിയത്.
വ്യാഴാഴ്ച നടന്ന ഉദ്യോഗസ്ഥരുടെ സത്യപ്രതിജ്ഞ ചടങ്ങിനിടെ തന്റെ കുറ്റമെന്താണെന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ ഒരു രൂപ പോലും മോഷ്ടിച്ചിട്ടില്ല. അങ്ങനെയെങ്കില്‍ തന്നെ വിചാരണ ചെയ്ത് ജയിലിലടക്കാം. താന്‍ ചെയ്ത ഒരേയൊരു തെറ്റ് മയക്ക് മരുന്ന് വില്‍പനക്കാരെ കൊലപ്പെടുത്തി അമര്‍ച്ച ചെയ്തതാണ്.
4800 പേരെയാണ് ഡ്യൂട്ടര്‍ട്ട് അധികാരത്തിലേറിയ ശേഷം പോലീസ് മയക്കുമരുന്ന് വേട്ടയുടെ പേരില്‍ വെടി വെച്ച് കൊന്നത്. പൊലീസിനും തനിക്കുമെതിരെ മനുഷ്യാവകാശത്തിന്റെ പേരില്‍ ഉയരുന്ന ആരോപണങ്ങളെ തള്ളിക്കളയുന്നുവെന്നും ഡ്യുട്ടേര്‍ട്ട് പറഞ്ഞു.