കമ്പനിയുടെ ഓഹരി സംബന്ധിച്ച വിവാദ ‍ട്വീറ്റ്; എലോണ്‍ മസ്ക്കിന്റെ ചെയര്‍മാന്‍ സ്ഥാനം തെറിച്ചു

യു.എസ് സെക്യൂരിറ്റി കമീഷന്റെ ആവശ്യ പ്രകാരമാണ് നടപടി. ടെസ്‌ലയെ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ച് പൂര്‍ണമായും സ്വകാര്യ കമ്പനിയാക്കുകയാണെന്നായിരുന്നു ട്വീറ്റ്

Update: 2018-10-01 04:30 GMT
Advertising

ഇലക്ട്രിക് കാര്‍ നിര്‍മാണ രംഗത്തെ പ്രമുഖ കമ്പനിയായ ടെസ്‍ലയുടെ ചെയര്‍മാന്‍ എലോണ്‍ മസ്‌ക് സ്ഥാനമൊഴിയുന്നു. കമ്പനിയുടെ ഓഹരി സംബന്ധിച്ച മസ്‌കിന്റെ ട്വീറ്റിനെ തുടര്‍ന്നുണ്ടായ വിവാദത്തെ തൂടര്‍ന്ന് യു.എസ് സെക്യൂരിറ്റി കമീഷന്റെ ആവശ്യ പ്രകാരമാണ് നടപടി.

കഴിഞ്ഞ ആഗസ്റ്റിലായിരുന്നു എലോണ്‍ മസ്‌കിന്റെ വിവാദ ട്വീറ്റ്. ടെസ്‌ലയെ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ച് പൂര്‍ണമായും സ്വകാര്യ കമ്പനിയാക്കുകയാണെന്നായിരുന്നു ട്വീറ്റ്. ടെസ്‌ലയെ ഒരു ഓഹരിക്ക് 420 ഡോളര്‍ എന്ന നിരക്കില്‍ പ്രൈവറ്റ് ലിസ്റ്റിങ്ങിലേക്ക് മാറ്റുന്നതും ആലോചനയിലാണെന്നും ട്വീറ്റ് പറഞ്ഞിരുന്നു. ഇതോടെ ഓഹരി വിപണിയില്‍ ടെസ്‍ലയുടെ ഓഹരികള്‍ക്ക് വന്‍ തോതില്‍ വില ഉയര്‍ന്നു. നിലവില്‍ പബ്ലിക്ക് കമ്പനിയായാണ് ടെസ്‌ല രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

420 ഡോളര്‍ എന്നത് മരിജുവാന കള്‍ച്ചറിന്റെ ഭാഗമാണെന്ന് അമേരിക്കന്‍ സെക്യൂരിറ്റി കമ്മീഷന്‍ ആരോപിച്ചു. മസ്കിന്റെ ഗേള്‍ഫ്രണ്ടും ഗായികയുമായ ഗ്രൈംസിനെ പ്രീണിപ്പകകാനാണിതെന്നും കമ്മീഷന്‍ ആരോപിച്ചു.കേസൊഴിവാക്കാന്‍ ട്വീറ്റിന്റെ പേരില്‍ ടെസ്‍ലയും മസ്‌ക്കും രണ്ടു കോടി ഡോളര്‍ വീതം നഷ്ടപരിഹാരവും നല്‍കാന്‍ സെക്യൂരിറ്റി കമ്മീഷന്‍ ഉത്തരവിട്ടു.

ടെസ്‍ലയുടെ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കണമെന്ന ഒത്തുതീര്‍പ്പു നിര്‍ദേശവും കമ്മീഷന്‍ വച്ചു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ മസ്ക് രാജിവെക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ മൂന്നു വര്‍ഷമെങ്കിലും മസ്‌കിന് ചെയര്‍മാന്‍ സ്ഥാനത്തു നിന്നു മാറി നില്‍ക്കേണ്ടി വരും. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറിയാലും കമ്പനി സിഇഒയായി അദ്ദേഹത്തിന് തുടരാന്‍ സാധിക്കുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

Tags:    

Similar News