വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു
ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. അമേരിക്കൻ വൈദ്യശാസ്ത്രജ്ഞൻ ജെയിംസ് പി അലിസൺ, ജപ്പാനീസ് വൈദ്യശാസ്ത്രജ്ഞൻ ടസുകു ഹൊഞ്ചോ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. 50 പ്രൊഫസർമാർ അടങ്ങിയ നൊബേൽ അസംബ്ലി കരോലിൻസ്ക ഇൻസ്റ്റിട്യൂട്ടിൽ വെച്ചാണ് വിജയികളെ പ്രഖ്യാപിച്ചത്. കാൻസർ ചികിത്സാരംഗത്തെ കണ്ടെത്തലുകൾക്കാണ് ഇരുവർക്കും പുരസ്‌കാരം ലഭിച്ചത്. കാൻസറിനെ പ്രതിരോധിക്കാൻ രോഗിയെ എങ്ങനെ സ്വയം പ്രാപ്തമാക്കാം എന്നതായിരുന്നു പഠനം.
മനുഷ്യന്റെ ഉറക്കം, രക്തസമ്മർദ്ദം, ഭക്ഷണ രീതി എന്നിവയെ ബാധിക്കുന്ന ജീനുകളെയും പ്രോട്ടീനുകളെയും കണ്ടെത്താൻ വേണ്ടി നടത്തിയ പഠനത്തിന് മൂന്ന് അമേരിക്കൻ വൈദ്യശാസ്ത്രജ്ഞരാണ് കഴിഞ്ഞ വർഷത്തെ പുരസ്‌കാരം പങ്കിട്ടത്.
ഭൗതികശാസ്ത്രത്തിനും രസതന്ത്രത്തിനുമുള്ള പുരസ്‌കാരം ചൊവ്വാഴ്ച പ്രഖ്യാപിക്കും.