ഇസ്രായേലിനെ ജൂത ദേശീയ രാഷ്ട്രമാക്കുന്ന നിയമനിര്‍മാണത്തിനെതിരെ വ്യാപക പ്രതിഷേധം
ഇസ്രായേലിലെ അറബ് വംശജരുടെ അസ്തിത്വം നിഷേധിക്കുന്ന നിയമനിര്‍മാണത്തിനെതിരെ യൂറോപ്യന്‍ യൂനിയനുള്‍പ്പടെയുള്ള അന്താരാഷ്ട്രസമൂഹത്തിന്റെ പ്രതിഷേധം ശക്തമാണ്.
ഇസ്രായേലിനെ ജൂത ദേശീയ രാഷ്ട്രമാക്കുന്ന നിയമത്തിനെതിരെ ഫലസ്തീനില്‍ പണിമുടക്ക് നടത്തി. ഇസ്രായേലിലെ അറബ് വംശജരുടെ അസ്തിത്വം നിഷേധിക്കുന്ന നിയമനിര്‍മാണത്തോട് പ്രതിഷേധ സൂചകമായാണ് ഗസ, വെസ്റ്റ്ബാങ്ക്, ജറുസലം എന്നിവിടങ്ങളിലെ ഫലസ്തീന്‍ വംശജര്‍ പ്രതിഷേധിച്ചത്.
വെസ്റ്റ് ബാങ്ക്, ജറുസലേം, ഗസ്സ എന്നിവിടങ്ങളിലെ നിരത്തുകളെല്ലാം ഒഴിഞ്ഞു കിടന്നു. കട കമ്പോളങ്ങള്‍ തുറന്നില്ല. ഇസ്രായേില്‍ ജൂതന്മാര്‍ക്ക് മാത്രം സ്വയംനിര്‍ണയാവകാശം നല്‍കുന്ന നിയമനിര്‍മാണം കഴിഞ്ഞ ജൂലൈയിലാണ് നടന്നത്.
ഇസ്രായേലില്‍ താമസിക്കുന്ന അറബ് വംശജര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചായിരുന്നു പണിമുടക്ക്. സമരത്തിന് പിന്തുണ അറിയിച്ച് ഫല്സ്തീനിലെ സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച തുറന്നില്ല.
ഇസ്രായേല്‍ ജനസംഖ്യയുടെ അഞ്ചിലൊന്ന് വരും പതിനെട്ട് ലക്ഷം വരുന്ന അറബ് വംശജര്‍. ഇവരുടെ പൌരാവകാശങ്ങള്‍ പോലും ഹനിക്കുന്നതാണ് നിയമനിര്‍മാണം. ഇതിനെതിരെ യൂറോപ്യന്‍ യൂനിയനുള്‍പ്പടെയുള്ള അന്താരാഷ്ട്രസമൂഹം രംഗത്തെത്തിയിരുന്നു.