അഫ്ഗാനില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ ചാവേറാക്രമണം; 13 പേര്‍ കൊല്ലപ്പെട്ടു
നിരന്തര ഭീകരാക്രമണങ്ങള്‍ അഫ്ഗാനിലെ പൊതു തെരഞ്ഞെടുപ്പിനെ ഭീതിയുടെ നിഴലിലാക്കിയിരിക്കുകയാണ്.
അഫ്ഗാനിസ്താനില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ ചാവേറാക്രമണം. ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. നിരന്തര ഭീകരാക്രമണങ്ങള്‍ അഫ്ഗാനിലെ പൊതു തെരഞ്ഞെടുപ്പിനെ ഭീതിയുടെ നിഴലിലാക്കിയിരിക്കുകയാണ്.
അഫ്ഗാനിലെ കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയിലാണ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലേക്കാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. റാലിയില്‍ 250ലേറെ പേര്‍ പങ്കെടുത്തിരുന്നു. കമ ജില്ലയിലെ പാർലമെന്റ് സ്ഥാനാർത്ഥി അബ്ദുൽ നാസിർ മുഹമ്മദിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
അഫ്ഗാനിലെ പൊതു തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ താലിബാന്റെയും ഐ.എസിന്റെയും നേതൃത്വത്തില്‍ നിരവധി ആക്രമണങ്ങളാണ് കഴിഞ്ഞ ആഴ്ചകളിലുണ്ടായത്. അഞ്ച് സ്ഥാനാര്‍ഥികള്‍ കൊല്ലപ്പെട്ടു. ഈ മാസം ഇരുപതിനാണ് അഫ്ഗാനില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്.
2500 സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 5000 പോളിങ് സ്റ്റേഷനുകളിലായി 54000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കുന്നത്. 2000 പോളിങ് സ്റ്റേഷനുകള്‍ക്ക് നേരെ തീവ്രവാദികളുടെ ഭീഷണി നിലനില്‍ക്കുന്നുണ്ട്.