‘മുസ്‌ലിം വനിതയെ ‘താമസക്കാരിയായി’ വേണ്ട’; നടപടിയെടുത്ത് എയര്‍ ബി.എന്‍.ബി
മുസ്‌ലിം വനിത താമസക്കാരിയായി വന്നാൽ അയൽക്കാർക്ക് ബുദ്ധിമുട്ടാവുമെന്ന് പറഞ്ഞ് വിലക്കിയ വീട്ടുടമയെ വാടക വീടുകള്‍ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന സൈറ്റായ എയർ ബി.എൻ.ബി അവരുടെ പട്ടികയിൽ നിന്നും ഒഴിവാക്കി. ഇരുപത്തഞ്ച് വയസ്സുകാരിയായ നൂർജഹാൻ സാലിക്കിനായിരുന്നു എയർ ബി.എൻ.ബി സൈറ്റ് വഴി വിവേചനമേൽക്കേണ്ടി വന്നത്. ജർമനിയിലെ ഹാംബർഗിലായിരുന്നു നൂർജഹാൻ വാടകക്ക് വീട് അന്വേഷിച്ചത്. ഇഷ്ടപെട്ട രൂപത്തിലുള്ള വീട് കണ്ട് പിടിച്ചതിനനുസരിച്ച് ലഭ്യമാകാൻ വീട്ടുടമസ്ഥയായ ക്ളോഡിയയെ ബന്ധപ്പെട്ടപ്പോൾ അവർ അവരുടെ ആവശ്യം നിരസിക്കുകയായിരുന്നു. ശേഷം നിരസിക്കുന്നതിന് കാരണമെന്തെന്ന് അന്വേഷിച്ച് നൂർജഹാൻ ക്ളോഡിയക്ക് സ്വകാര്യമായി മെസ്സേജ് അയക്കുകയായിരുന്നു. തിരിച്ചുള്ള മറുപടിയിലാണ് മുസ്‌ലിമായ നൂർജഹാൻ തല മറച്ച് മഫ്ത ധരിച്ചത് കാരണം അയൽക്കാരായ ആളുകൾക്ക് പ്രയാസമാകുമെന്ന് പറഞ്ഞ് ക്ളോഡിയ രംഗത്ത് വന്നത്.
‘നിങ്ങളുടെ സ്വകാര്യ മുൻഗണനകൾക്കെതിരെയല്ല ഞാൻ പറയുന്നത്, എന്റെ അയൽക്കാരുടെ മുൻഗണനയെ ഞാൻ ബഹുമാനിക്കണമെന്ന് പറഞ്ഞതനുസരിച്ചാണ് അങ്ങനെ മറുപടി പറഞ്ഞത്. ഞാൻ അവരോട് അതിന് സമ്മതം കൊടുത്തു. എന്റെ അയൽക്കാരുമായി നല്ല ബന്ധത്തിൽ കഴിയാൻ ഞാൻ ആഗ്രഹിക്കുന്നു' ക്ളോഡിയ പറയുന്നു.
ആതിഥേയ വീട്ടുടമസ്ഥയിൽ നിന്നും വിവേചനം നേരിട്ടതിനെ തുടർന്ന് നൂർജഹാൻ എയർ ബി.എൻ.ബി അധികൃതരെ ബന്ധപ്പെടുകയും ശേഷം സൈറ്റ് അവർക്കെതിരെ നടപടിയെടുക്കുകയുമായിരുന്നു. ക്ളോഡിയയെ എയർ ബി.എൻ.ബി അവരുടെ പട്ടികയിൽ നിന്നും ഒഴിവാക്കുകയും അതിഥിയായ നൂർജഹാന് മുഴുവൻ പിന്തുണ നൽകുന്നുവെന്നും പറയുന്നു.