അമേരിക്കന്‍ കമ്പനികള്‍ക്കെതിരെ ഹാര്‍ഡ്‍‍വെയര്‍ ഹാക്കിങുമായി ചൈന

ആഗോള വിപണിയിലെ 70 ശതമാനത്തോളം കമ്പ്യൂട്ടറുകളും മൊബൈലുകളും നിർമ്മിക്കുന്നത് ചൈനയാണ് എന്നതിനാലാണ് സംശയത്തിന്റെ നിഴലുകൾ ചൈനയുടെ നേരെ നീളുന്നത്

Update: 2018-10-05 09:53 GMT
Advertising

കമ്പ്യൂട്ടറുകളിലെ മദർബോർഡിൽ കുഞ്ഞൻ ചിപ്പുകൾ ഒളിപ്പിച്ചുവെച്ച് അമേരിക്കൻ കമ്പനികളുടെയും സർക്കാർ ഏജൻസികളുടെയും സുപ്രധാന വിവരങ്ങൾ ഹാക്ക് ചെയ്യുന്നതായി ചൈനക്കെതിരെ ഗുരുതരമായ ആരോപണം. ആപ്പിൾ, ആമസോൺ, സൂപ്പർമൈക്രോ തുടങ്ങിയ ഭീമൻ കമ്പനികളുടെയും എഫ്.ബി.ഐ, സി.ഐ.എ, പ്രതിരോധ വകുപ്പ് തുടങ്ങി സർക്കാർ ഏജൻസികളുടെയും വിവരങ്ങൾ ചൈന ചോർത്തുന്നു എന്ന് ബ്ലൂംബെർഗ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. ആമസോണിന്റെ സ്റ്റാർട്ട് അപ്പ് സംരംഭമായ എലമെന്റൽ ടെക്നോളജീസ് നടത്തിയ സുരക്ഷാ പരിശോധനയിലാണ് കമ്പ്യൂട്ടറുകളുടെ മദർബോർഡിൽ ഒളിപ്പിച്ചുവെച്ച അരിമണിയുടെ വലിപ്പത്തിലുള്ള ചിപ്പുകൾ കണ്ടെത്തിയത്.

ആമസോണിന്റെ പ്രൈം വിഡിയോകൾക്ക് വേണ്ടിയാണ് എലമെന്റൽ ടെക്നോളജീസ് എന്ന സ്റ്റാർട്ട് അപ്പ് സംരംഭം കമ്പനി ആരംഭിക്കുന്നത്. സൂപ്പർമൈക്രോ എന്ന കമ്പനിയിൽ നിന്നാണ് ഇതിനായി സോഫ്റ്റ് വെയറുകളും സെർവറുകളും ആമസോൺ വാങ്ങിയത്. ഇവയുടെ സുരക്ഷാ പരിശോധനയുടെ ഭാഗമായി കാനഡയിലെ ഒന്റാറിയോയിൽ വെച്ച് നടത്തിയ പരിശോധനയിലാണ് മദർബോർഡുകളുടെ യഥാർത്ഥ ഡിസൈനിൽ ഇല്ലാത്ത ചെറിയ ചിപ്പുകൾ ഉള്ളതായി കണ്ടെത്തിയത്. കമ്പ്യൂട്ടർ മദർബോർഡുകളുടെയും സെർവറുകളുടേയും ചിപ്പുകളുടേയുമൊക്കെ പ്രധാന വിതരണക്കാരാണ് സാഞ്ചോസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൂപ്പർമൈക്രോ എന്ന കമ്പനി.

ആഗോള വിപണിയിലെ 70 ശതമാനത്തോളം കമ്പ്യൂട്ടറുകളും മൊബൈലുകളും നിർമ്മിക്കുന്നത് ചൈനയാണ് എന്നതിനാലാണ് സംശയത്തിന്റെ നിഴലുകൾ ചൈനയുടെ നേരെ നീളുന്നത്. സൂപ്പർമൈക്രോ കമ്പനിക്ക് വേണ്ടി സെർവറുകളും മദർബോർഡുകളും നിർമ്മിക്കുന്ന ചൈനീസ് ഫാക്ടറികളിൽ വെച്ചാണ് ചിപ്പുകൾ ഘടിപ്പിച്ചത് എന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. ഈ സൂപ്പര്‍ മൈക്രോ മദര്‍ബോര്‍ഡുകള്‍ ചൈനീസ് ചാരന്‍മാര്‍ക്ക് കടന്നുകയറാനും, ഹാക്കിംഗ് നടത്താനും അവസരം നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. മതര്‍ബോര്‍ഡ് ഉപയോഗിക്കുന്ന എല്ലായിടത്തും ചാരപ്രവര്‍ത്തനം നടത്താന്‍ ഇതുവഴി ചൈനയ്ക്ക് കഴിയുന്നുവെന്നും പറയപ്പെടുന്നു.

  • പെൻസിൽ മുനയോളം വലിപ്പമുള്ള കുഞ്ഞു ചിപ്പുകൾ നിർമ്മിച്ചത് ചൈനീസ് സൈനിക യൂണിറ്റ്. സിഗ്നലുകൾ നിയന്ത്രിക്കുന്ന ഉപകരണത്തിനോട് സമാനമായ രൂപത്തിലുള്ള ഈ കുഞ്ഞു ചിപ്പിന് ഡാറ്റ ശേഖരിച്ചു വെക്കാനും കൈമാറാനും ആവശ്യമെങ്കിൽ സെർവറുകൾ നശിപ്പിക്കാനുമുള്ള ശേഷിയുണ്ട്.
  • സൂപ്പർമൈക്രോ കമ്പനിക്ക് വേണ്ടി ചൈനീസ് ഫാക്ടറികളിൽ നിർമ്മിക്കപ്പെടുന്ന മദർബോർഡുകളിലാണ് ചിപ്പുകൾ ഘടിപ്പിക്കപ്പെട്ടത്.
  • ഇത്തരം മദർബോർഡുകൾ ഉപയോഗിച്ചാണ് സൂപ്പർമൈക്രോ അടക്കം പ്രമുഖ കമ്പനികളെല്ലാം സെർവറുകൾ ഒരുക്കുന്നത്.
  • ആപ്പിൾ, ആമസോൺ തുടങ്ങിയ ആഗോള കമ്പനികളുടെ ഡാറ്റ സെന്ററുകൾ ഇത്തരം സെർവറുകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.
  • സെർവറുകൾ പ്രവർത്തനം ആരംഭിക്കുന്ന ഉടനെ ഈ കുഞ്ഞു ചിപ്പുകൾ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ പ്രധാന പ്രോഗ്രാമുകളിൽ മാറ്റം വരുത്തും. കൂടുതൽ നിർദേശങ്ങളും കോഡുകളും സ്വീകരിക്കാനാവും വിധം ഹാക്കർമാർക്ക് വാതിലുകൾ തുറന്നിട്ട് കൊടുക്കാനും ഇവക്ക് സാധിക്കും.

എന്നാൽ, വാർത്ത നിഷേധിച്ചിരിക്കുകയാണ് ആപ്പിളും ആമസോണും സൂപ്പർമൈക്രോ കമ്പനിയും. തങ്ങളുടെ സെർവറുകളിൽ അത്തരം സുരക്ഷാ വീഴ്ചകളൊന്നും നടന്നതായി കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നാണ് ആപ്പിളും ആമസോണും സൂപ്പർമൈക്രോയും പ്രസ്താവനകളിൽ പറഞ്ഞത്. ബ്ലൂംബെർഗ് പുറത്തുവിട്ട റിപ്പോർട്ട് ചൈനീസ് വിദേശകാര്യ മന്ത്രാലയവും തള്ളിക്കളഞ്ഞിട്ടുണ്ട്.

Tags:    

Similar News