ഇന്തോനേഷ്യയില്‍ ഭൂചലനത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 1400 കവിഞ്ഞു

അപകടത്തില്‍ ആയിരത്തിലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു ലക്ഷത്തിലധികം ആളുകള്‍ ഭവനരഹിതരായി

Update: 2018-10-05 03:12 GMT
Advertising

ഇന്തോനേഷ്യയില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയുണ്ടായ സുനാമിയിലും ഭൂകമ്പത്തിലും മരിച്ചവരുടെ എണ്ണം 1424 ആയി ഉയര്‍ന്നു. കെട്ടിടാവശിഷ്ടങ്ങളില്‍ ജീവനോടെ അവശേഷിക്കുന്നവരെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്നവസാനിപ്പിക്കും. അപകടത്തില്‍ ആയിരത്തിലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു ലക്ഷത്തിലധികം ആളുകള്‍ ഭവനരഹിതരായി. അറുപത്തിയാറായിരത്തോളം വീടുകള്‍ തകര്‍ന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച ഇന്തോനേഷ്യിലെ സുലാവസിലും പാലുവിലുമായി 7.5 തീവ്രതയില്‍ രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്നാണ് സുനാമി ഉണ്ടായത്.

പാലു നഗരത്തിലെ വൈദ്യുതി ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്. ഏതാനം കടകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. ജനജീവിതം ഭാഗികമായി സാധാരണ ഗതിയാലായിത്തുടങ്ങിയിട്ടുണ്ട്. പലയിടത്തും ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കാത്ത അവസ്ഥയും നില നില്‍ക്കുന്നു. 6 ലക്ഷത്തിലധികം കുട്ടികളെയാണ് ദുരന്തം ബാധിച്ചത്. പലരും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

അതേ സമയം ദുരന്തം വിതച്ച സ്ഥലങ്ങളില്‍ മോഷണം നടത്തിയതിന് 92 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദുരന്തത്തെ നേരിടാന്‍ അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടെ സഹായവും ലഭ്യമാകുന്നുണ്ട്. യു.എന്‍ 15 മില്ല്യണ്‍ ഡോളര്‍ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് ക്രെസെന്‍റും, റെഡ് ക്രോസും കൂടാതെ 20 രാജ്യങ്ങളും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകരും ഇന്തോനേഷ്യയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

Tags:    

Similar News