ഇന്റർപോൾ തലവനെ കാണ്മാനില്ല, അന്വേഷണം പ്രഖ്യാപിച്ച് ഫ്രഞ്ച് പൊലീസ്
ഇന്റർപോൾ പ്രസിഡന്റ് മെങ് ഹോങ്‌വേയിയെകുറിച്ച് ഒരാഴ്ചയായി വിവരമില്ല. മെങ് എവിടെയാണെന്ന് യാതൊരു വിവരവുമില്ലെന്ന് ഭാര്യ അറിയിച്ചതിനെ തുടർന്ന് ഫ്രഞ്ച് പൊലീസ് അദ്ദേഹത്തിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൈനീസ് സർക്കാരിലെ മന്ത്രിയായ മെങ് കഴിഞ്ഞയാഴ്ച സ്വന്തം രാജ്യം സന്ദർശിച്ചതിന് ശേഷമാണ് അദ്ദേഹത്തെ കുറിച്ച് വിവരമില്ലാത്തത് എന്നാണ് റിപ്പോർട്ടുകൾ.
കേസ് അന്വേഷണങ്ങൾ ഏകോപിപ്പിക്കാൻ ലോകരാജ്യങ്ങളിലെ പൊലീസ് സേനകളെ സഹായിക്കുന്ന ഇന്റർപോളിന്റെ തലപ്പത്തേക്ക് 2016 ലാണ് മെങ് ഹോങ്‌വേയി തിരഞ്ഞെടുക്കപ്പെട്ടത്. ചൈനയുടെ പൊതു സുരക്ഷാകാര്യ മന്ത്രിയായ മെങ് തീവ്രവാദ വിരുദ്ധ സ്‌കോഡിന്റെയും ലഹരി നിയന്ത്രണ കമ്മീഷന്റെയും കോസ്റ്റ് ഗാർഡിന്റെയും തലപ്പത്തിരുന്നിട്ടുണ്ട്. 2020 വരെ മെങ് ഇന്റർപോൾ തലവനായി തുടരേണ്ടതായിരുന്നു.
എന്നാൽ, പ്രസിഡന്റിന്റെ തിരോധനത്തെ കുറിച്ചുള്ള മാധ്യമ വാർത്തകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇക്കാര്യം ഫ്രാൻസിന്റെയും ചൈനയുടെയും അധികൃതർ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും ഇന്റർപോൾ പ്രതികരിച്ചു.