റഷ്യക്ക് മേല്‍ സൈബര്‍ ആക്രമണ ആരോപണവുമായി ലോകരാഷ്ട്രങ്ങള്‍
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലടക്കം റഷ്യ ഇത്തരത്തില്‍ ഇടപെട്ടെന്നും ബ്രിട്ടന്‍ പ്രതിരോധമന്ത്രി ഗാവിന്‍ വില്യംസണ്‍ ആരോപിച്ചു
രാജ്യത്തെ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ റഷ്യയാണെന്ന ആരോപണം ശക്തമാക്കി അമേരിക്കയും ബ്രിട്ടണും നെതര്‍ലാന്‍ഡ്സും. സെര്‍ജി സ്ക്രിപാലിന് നേരെയുണ്ടായ ആക്രമണവും മലേഷ്യന്‍ വിമാന ദുരന്തവും സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാനായാണ് റഷ്യ സൈബര്‍ ആക്രമണങ്ങള്‍ നടത്തുനതെന്ന് മൂന്ന് രാജ്യങ്ങളും ആരോപിച്ചു
പാശ്ചാത്യ രാജ്യങ്ങളിലെ ജനാധിപത്യഭരണകൂടങ്ങളെ തകര്‍ക്കാന്‍ റഷ്യ സൈബര്‍ ആക്രമണം ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ബ്രിട്ടന്‍ നേരത്തെ പറഞ്ഞിരുന്നു. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലടക്കം റഷ്യ ഇത്തരത്തില്‍ ഇടപെട്ടെന്നും ബ്രിട്ടന്‍ പ്രതിരോധമന്ത്രി ഗാവിന്‍ വില്യംസണ്‍ ആരോപിച്ചു. നാറ്റോ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിനായി ബ്രസീലില്‍ എത്തിയതായിരുന്നു ഗാവിന്‍ വില്യംസണ്‍. റഷ്യയുടെ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതരെ മറ്റ് രാജ്യങ്ങളുടെ തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് വില്യംസണ്‍ ആഹ്വാനം ചെയ്തു.
സോവിയറ്റ് യൂണിയന്‍റെ രഹസ്യ അന്വേഷണ ഏജന്‍സിയായിരുന്ന കെ.ജി.ബി ചെയ്ത അതേ പ്രവര്‍ത്തികളാണ് റഷ്യന്‍ പട്ടാളത്തിന്‍റെ ഭാഗമായി ജി.ആര്‍.യു ചെയ്യുന്നതെന്ന് പറഞ്ഞ പ്രതിരോധ മന്ത്രി റഷ്യയെ ഒറ്റപ്പെടുത്തണമെന്നും കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് റഷ്യന്‍ മുന്‍ ചാരന്‍ സര്‍ജെയ് സ്ക്രിപാലിനും മകള്‍ക്കും നേരെ രാസായുധം പ്രയോഗിച്ചതിന് പിന്നില്‍ ജി.ആര്‍.യു ആണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തേരെസ മേ ആരോപിച്ചിരുന്നു. സ്ക്രിപാലിന് നേരെ നടന്ന ആക്രമണത്തിന് ശേഷം റഷ്യയുമായുള്ള ബ്രിട്ടന്‍റെ നയതന്ത്രബന്ധം വഷളായിരുന്നു.