റോഹിങ്ക്യകള്‍ക്കെതിരായ വംശഹത്യ ; മ്യാന്‍മാറിന് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ പിന്‍വലിക്കാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍
റോഹിങ്ക്യന്‍ ജനതക്കെതിരായ വംശഹത്യയുടെ പശ്ചാത്തലത്തില്‍ ചില യൂറോപ്യന്‍ കമ്പനികള്‍ ഇപ്പോള്‍ തന്നെ മ്യാന്‍മാറുമായുള്ള വ്യാപാരം അവസാനിപ്പിച്ചിട്ടുണ്ട്
വ്യാപാര മേഖലയില്‍ മ്യാന്‍മാറിന് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ പിന്‍വലിക്കുന്നതിന് മുന്നോടിയായി വസ്തുതാന്വേഷണ സംഘത്തെ അയക്കാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍. മ്യാന്‍മാര്‍ ഭരണകൂടം റോഹിങ്ക്യന്‍ ജനതക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് യൂറോപ്യന്‍ യൂണിയന്‍റെ ഈ നടപടി. യൂറോപ്യന്‍ യൂണിയന്‍ വ്യാപാര വിഭാഗം തലവന്‍ സെസിലിയ മാംസ്ട്രോമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദരിദ്ര രാജ്യങ്ങള്‍ക്ക് വ്യപാര മേഖലയില്‍ നല്കി വരുന്ന ആനുകൂല്യങ്ങള്‍ മ്യാന്‍മാറിന് അവസാനിപ്പിക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ ഒരുങ്ങുന്നത്. ആയുധങ്ങളൊഴികെ മറ്റെന്തും അധിക നികുതിയില്ലാതെ വില്‍പ്പന നടത്താനാകുന്ന ‘എവെരി തിങ് ബട്ട് ആംസ്’ പദ്ധതിയില്‍ നിന്നും മ്യാന്‍മാറിനെ ഒഴിവാക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ ശ്രമം. ഇതിന് മുന്നോടിയായി യൂറോപ്യന്‍ യൂണിയന്‍ നിയോഗിക്കുന്ന വസ്തുതാന്വോഷ സംഘം മ്യാന്‍മാറിലെത്തുമെന്ന് മാംസ്ട്രോം വ്യക്തമാക്കി
1.56 ബില്യണ്‍ യൂറോയുടെ കയറ്റുമതിയാണ് 2017ല്‍ മ്യാന്‍മാറിന് യൂറോപ്യന്‍ യൂണിയനുമായി ഉണ്ടായിരുന്നത്. 2012നേക്കാള്‍ പത്തിരട്ടി വരുമാനമാണ് തുറന്ന വ്യാപാര നയത്തിലൂടെ മ്യാന്‍മാറിന് ഉണ്ടായിരുന്നത്
എന്നാല്‍ റോഹിങ്ക്യന്‍ ജനതക്കെതിരായ വംശഹത്യയുടെ പശ്ചാത്തലത്തില്‍ ചില യൂറോപ്യന്‍ കമ്പനികള്‍ ഇപ്പോള്‍ തന്നെ മ്യാന്‍മാറുമായുള്ള വ്യാപാരം അവസാനിപ്പിച്ചിട്ടുണ്ട്. രത്നക്കല്ലുകള്‍ അടക്കമുള്ളവയുടെ വ്യാപാരമാണ് പല കമ്പനികളും ഇത്തരത്തില്‍ നിര്‍ത്തലാക്കിയത്.
ഇത്തരത്തില്‍ കമ്പോഡിയയില്‍ യൂറോപ്യന്‍ യൂണിയന്‍ നയിച്ച അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ കമ്പോഡിയയിലെ രാഷ്ട്രീയ വ്യവസ്ഥിതി ജനാധിപത്യപരമല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ആയുധമൊഴികെ മറ്റെന്തുമെന്ന വ്യാപാര നയം യൂറോപ്യന്‍ യൂണിയന്‍ പിന്‍വലിച്ചത്.