ഇന്റര്‍പോള്‍ തലവനെ പൊക്കിയത് ചൈന!

ഹോങ്കോങ് ആസ്ഥാനമായുള്ള സൗത്ത് ചൈന മോണിംങ് പോസ്റ്റാണ് മെങിനെ ചൈന തന്നെയാണ് തടഞ്ഞുവെച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്...

Update: 2018-10-06 12:54 GMT
Advertising

ഇന്റര്‍പോള്‍ പ്രസിഡന്റ് മെങ് ഹോങ്‌വേ(64)യുടെ തിരോധാനത്തിന് പിന്നില്‍ ചൈനയാണെന്ന സംശയം ബലപ്പെടുന്നു. അഴിമതി വിരുദ്ധ കേസില്‍ ചോദ്യം ചെയ്യുന്നതിന് ചൈനയിലെത്തിയ ഉടന്‍ മെങ് ഹോങ്‌വേയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് സംശയം. ഹോങ്കോങ് ആസ്ഥാനമായുള്ള സൗത്ത് ചൈന മോണിംങ് പോസ്റ്റാണ് മെങിനെ ചൈന തന്നെയാണ് തടഞ്ഞുവെച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി അഥവാ ഇന്റര്‍പോളിന്റെ തലവനായി 2016ലാണ് മെങ് ഹോങ്‌വേ തെരഞ്ഞെടുക്കപ്പെടുന്നത്. ചൈനയിലെ പൊതുസുരക്ഷാ മന്ത്രാലയത്തിലെ ഉപമന്ത്രിയായി അതിന് മുമ്പ് അദ്ദേഹം സേവനം അനുഷ്ടിച്ചിരുന്നു. മെങിന്റെ ഭാര്യ ഫ്രഞ്ച് പൊലീസില്‍ ഭര്‍ത്താവിനെക്കുറിച്ച് വിവരമില്ലെന്ന് പരാതി നല്‍കിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഇന്റര്‍പോള്‍ തലവന്റെ തിരോധാനത്തില്‍ ഫ്രാന്‍സ് വെള്ളിയാഴ്ച്ച തന്നെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ഫാന്‍ ബിങ്ബിങ്

പ്രശസ്ത ചൈനീസ് നടി ഫാന്‍ ബിങ്ബിങും സമാനമായ രീതിയില്‍ ചൈനയില്‍ വെച്ച് അപ്രത്യക്ഷയായിരുന്നു. ഫാനിന്റെ തിരോധാനത്തിന് പിന്നില്‍ ചൈനീസ് ഔദ്യോഗിക സംവിധാനമാണെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. ജൂണില്‍ കാണാതായ ഫാനിനെ ആദായ നികുതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌തെന്നത് ചൈന ദിവസങ്ങള്‍ക്ക് മുമ്പാണ് സ്ഥിരീകരിച്ചത്. എക്‌സ്‌മെനിലെ വേഷത്തോടെ ഹോളിവുഡില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റിയ ചൈനീസ് നടിയായി ഫാന്‍ മാറിയിരുന്നു. കേസില്‍ 70 ദശലക്ഷം ഡോളറാണ്(ഏകദേശം 518 കോടി രൂപ) ഫാനിന് ആദായ നികുതി വകുപ്പ് പിഴ ചുമത്തിയത്.

അഴിമതിക്കാരായ ഉന്നതരെ പിടികൂടാന്‍ വലിയ അധികാരങ്ങളുള്ള അന്വേഷണ ഏജന്‍സി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഈവര്‍ഷം രൂപീകരിച്ചിരുന്നു. ഇവരുടെ അന്വേഷണത്തില്‍ ഇതുവരെ 17 പേരെ ചൈനയില്‍ അറസ്റ്റു ചെയ്തിട്ടുണ്ട്. മുന്നറിയിപ്പൊന്നും കൂടാതെയാണ് കേസില്‍ പെടുന്നവരെ ഈ ഏജന്‍സി പിടികൂടുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഫ്രാന്‍സില്‍ സെപ്തംബര്‍ 29നാണ് അവസാനമായി മെങിനെ കണ്ടത്. അതിന് ശേഷം ജന്മനാടായ ചൈനയിലേക്ക് പോയ മെങിനെക്കുറിച്ച് പിന്നീട് യാതൊരു വിവരവുമില്ലായിരുന്നു. വിഷയത്തില്‍ ഇതുവരെ ചൈന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നതും ദുരൂഹത കൂട്ടുന്നു. 192 അംഗരാജ്യങ്ങളുള്ള അന്താരാഷ്ട്ര പൊലീസ് സംവിധാനമാണ് ഇന്റര്‍പോള്‍. 2020 വരെയാണ് മെങ് ഹോങ്‌വേയുടെ ഇന്‍റര്‍പോള്‍ മേധാവി സ്ഥാനത്തെ കാലാവധി.

ഇന്റര്‍പോളിന്റെ ആസ്ഥാനമായ ഫ്രാന്‍സിലെ ലിയോണിലാണ് മെങ് കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്നത്. മെങിന്റെ തിരോധാനത്തെക്കുറിച്ച് പരാതി നല്‍കിയതിന് പിന്നാലെ ഭാര്യക്ക് നേരെയും ഒട്ടേറെ ഭീഷണികള്‍ ലഭിച്ചിരുന്നു. മെങിന്റെ കുടുംബത്തിന് ഫ്രഞ്ച് സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News