അഴിമതി ആരോപണത്തില്‍ കുടുങ്ങി ഇസ്രയേല്‍ പ്രധാനമന്ത്രിയും പത്നിയും
വിവിധ അഴിമതി ആരോപണങ്ങളിലായി ഇതു പന്ത്രണ്ടാം തവണയാണ് നെതന്യാഹുവിനെ പൊലീസ് ചോദ്യം ചെയ്യുന്നത്
അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വീണ്ടും പൊലീസ് ചോദ്യം ചെയ്തു. വിവിധ അഴിമതി ആരോപണങ്ങളിലായി ഇതു പന്ത്രണ്ടാം തവണയാണ് നെതന്യാഹുവിനെ പൊലീസ് ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ ദിവസം നെതന്യാഹുവിന്റെ ജറുസലമിലെ ഔദ്യോഗിക വസതിയിലേക്കു പൊലീസ് സംഘമെത്തുന്നതിന്റെ ദൃശ്യങ്ങൾ സ്വകാര്യ ടി.വി ചാനലുകൾ സംപ്രേഷണം ചെയ്തു.
അനുകൂലവാർത്തകൾ പ്രസിദ്ധീകരിക്കാൻ ഇസ്രയേലിലെ പ്രമുഖ ദിനപത്രത്തിന്റെ ഉടമയുമായി രഹസ്യധാരണയുണ്ടാക്കി, നെതന്യാഹുവും കുടുംബവും ആഡംബര വസ്തുക്കള്‍ കൈക്കൂലിയായി കൈപറ്റി തുടങ്ങിയ ആരോപണങ്ങളിലാണ് അന്വേഷണം നേരിടുന്നത്. 12 തവണ നെതന്യാഹുവിനെ ചോദ്യം ചെയ്തെങ്കതിലും ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.
അതേ സമയം പൊതുമുതൽ ദുർവിനിയോഗം ചെയ്തുവെന്ന കേസിൽ നെതന്യാഹുവിന്റെ ഭാര്യ സാറ നാളെ കോടതിയിൽ ഹാജരാകാനിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ പാചകക്കാരില്ലെന്നു കള്ളം പറഞ്ഞു പുറത്തുനിന്നു ഭക്ഷണം വരുത്തിയ വകയിൽ ഒരുലക്ഷം യു.എസ് ഡോളർ ദുർവിനിയോഗം ചെയ്തെന്നാണു സാറയ്ക്കെതിരെയുള്ള കേസ്. ഇതിനിടെയണ് നെതന്യാഹിവിനെ കഴിഞ്ഞദിവസം പൊലീസ് ചോദ്യം ചെയ്തത്.
അഴിമതി ആരോപണം ശക്തമകുമ്പോഴും തന്റെ മന്ത്രിസഭയിലെ ഘടക കക്ഷികളെല്ലാം നെതന്യാഹുവിന് ശക്തമായ പിന്തുണ നല്‍കുകുന്നുണ്ട്.