നാദിയ മുറാദ്; സമാധാനത്തെ അത്രമേല്‍ പ്രണയിച്ചവള്‍
നാദിയയുടെ പിതാവും ആറു സഹോദരങ്ങളുമടക്കം യസീദി ഗ്രാമത്തിലെ എല്ലാ പുരുഷന്മാരെയും കൊന്നൊടുക്കിയ ശേഷമാണ് എെ.എസ് ഭീകരർ സ്ത്രീകളെ തട്ടിക്കൊണ്ടുപോയത്
സമാധാന നൊബേൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെയാളാണു നാദിയ മുറാദ്. 2014 ൽ ഇറാഖിൽ ഐ.എസ് തട്ടിക്കൊണ്ടുപോയ നാദിയ, മൂന്നുമാസം ഭീകരരുടെ ലൈംഗികാടിമയായി പീഡനങ്ങളേറ്റുവാങ്ങി. യസീദികൾക്കും സംഘർഷമേഖലകളിലെ പീഡിതരായ സ്ത്രീകൾക്കുമായി പ്രവർത്തിക്കുകയാണു നാദിയ ഇപ്പോൾ.
നാദിയയുടെ പിതാവും ആറു സഹോദരങ്ങളുമടക്കം യസീദി ഗ്രാമത്തിലെ എല്ലാ പുരുഷന്മാരെയും കൊന്നൊടുക്കിയ ശേഷമാണ് ഭീകരർ സ്ത്രീകളെ തട്ടിക്കൊണ്ടുപോയത്. തടവിൽനിന്നു രക്ഷപ്പെട്ട നാദിയ താൻ നേരിട്ട കൊടിയ പീഡനങ്ങൾ തുറന്നുപറഞ്ഞതോടെയാണു യസീദി വനിതകൾ അനുഭവിച്ച കൊടും ക്രൂരത ലോകമറിയുന്നത്.
2014 നവംബറിലാണ് നാദിയ രക്ഷപ്പെട്ടത്. രക്ഷപെടലിന്റെ തൊട്ടടുത്ത ദിവസം നാദിയ മുറാദിനെ സമീപിച്ച മാധ്യമ പ്രവര്‍ത്തകരോട് അവള്‍ പറഞ്ഞത് എന്റെ മുഖം മറക്കാതെ ഷൂട്ട് ചെയ്യൂ എന്നാണ്. തനിക്ക് ലോകത്തോട് ചിലത് പറയാനുണ്ടെന്നും.
2016 ഡിസംബറില്‍ നാദിയ യു.എന്നില്‍ ഉന്നയിച്ച ചോദ്യങ്ങള്‍, യുഎന്‍ വീഡിയോയില്‍ പകര്‍ത്തി പുറത്തുവിടുകയും, ലോകം മുഴുവന്‍ ആ വാക്കുകള്‍ എത്തുകയും ചെയതിരുന്നു. ഇതോടെ നാദിയ ഐക്യരാഷ്ട്രസഭയുടെ മനുഷ്യക്കടത്തിനെതിരെയുള്ള പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ആദ്യത്ത ഗുഡ്‍വില്‍ അംബാസഡറായി.
ഇറാഖില്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ച ശേഷം മനുഷ്യകടത്തുകാര്‍ക്ക് വില്‍ക്കപ്പെടുന്ന സ്ത്രീകളുടെ പുനരധിവാസം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളിലാണ് നാദിയ ഇപ്പോള്‍ മുഴുകുന്നത്.
ഇരുപത്തിയഞ്ചാം വയസില്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുന്ന ആദ്യത്തെ ഇറാഖി വനിതയായി നാദിയ മാറിയിരിക്കുന്നു. മലാ
ല യൂസുഫ് സായിക്കു ശേഷം നൊബേൽ സമാധാന സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതിയും നാദിയക്കുണ്ട്.