യൂറോപ്പിനെ ഞെട്ടിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത് കൊന്നു
യുവ മാധ്യമ പ്രവര്‍ത്തകയായ വിക്ടോറിയ മാരിനോവയാണ് (30) കൊല്ലപ്പെട്ടത്.
യൂറോപ്യന്‍ യൂണിയനിലെ ഫണ്ട് തിരിമറിയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത ബള്‍ഗേറിയന്‍ മാധ്യമപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത് കൊന്നു. യുവ മാധ്യമ പ്രവര്‍ത്തകയായ വിക്ടോറിയ മാരിനോവയാണ് (30) കൊല്ലപ്പെട്ടത്. റൂസിലെ ഡനൂബ് പാര്‍ക്കിലാണ് വിക്ടോറിയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ടി.വി.എന്‍ ചാനലിലെ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടുത്തിയ പരിപാടിയുടെ അവതാരകയായിരുന്നു വിക്ടോറിയ മാരിനോവ. കൊലയാളികള്‍ ആരെന്നോ കൊലപാതക കാരണം എന്തെന്നോ സ്ഥിരീകരിച്ചിട്ടില്ലെന്ന് ബള്‍ഗേറിയന്‍ സര്‍ക്കാര്‍ അറിയിച്ചു. സംഭവത്തില്‍ കുറ്റമറ്റ അന്വേഷണം നടത്തുമെന്ന് ബള്‍ഗേറിയന്‍ പ്രധാനമന്ത്രി ബൊയ്കോ ബോറിസോവ് വ്യക്തമാക്കി. അഴിമതിക്കെതിരായ പോരാട്ടത്തിനിടെ ധീരയായ ഒരു മാധ്യമപ്രവര്‍ത്തക കൂടി കൊല്ലപ്പെട്ടെന്ന് യൂറോപ്യന്‍ കമ്മീഷന്‍ ഉപാധ്യക്ഷന്‍ ഫ്രാന്‍സ് ടിമെര്‍മന്‍സ് പറഞ്ഞു.
തലയ്ക്ക് അടിച്ചും ശ്വാസംമുട്ടിച്ചുമാണ് വിക്ടോറിയയെ കൊലപ്പെടുത്തിയത്. വിക്ടോറിയയുടെ മൊബൈല്‍ ഫോണും കണ്ണടയും കാണാതായി. യൂറോപ്പില്‍ ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ മാധ്യമപ്രവര്‍ത്തകയാണ് വിക്ടോറിയ.