ബ്രസീല്‍ തെരഞ്ഞെടുപ്പ്; ജെയിർ ബൊൽസൊനാരോയ്ക്ക് മുൻതൂക്കം 

ആദ്യഘട്ടത്തിൽ ആർക്കും 50 ശതമാനത്തിലേറെ വോട്ടു ലഭിക്കാതിരുന്നാൽ രണ്ടാംഘട്ട വോട്ടെടുപ്പുണ്ടാകും

Update: 2018-10-09 02:11 GMT
Advertising

ബ്രസീലിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ സ്ഥാനാർഥിയായ ജെയിർ ബൊൽസൊനാരോയ്ക്ക് മുൻതൂക്കം. ആദ്യഘട്ടത്തിൽ ആർക്കും 50 ശതമാനത്തിലേറെ വോട്ടുലഭിക്കാ തിരുന്നാൽ രണ്ടാംഘട്ട വോട്ടെടുപ്പുണ്ടാകും. രണ്ടാം ഘട്ടത്തില്‍ ഇടതുപക്ഷത്തെ വർക്കേഴ്സ് പാർട്ടി സ്ഥാനാർഥി ഫെർണാണ്ടോ ഹദ്ദാദാണ് ബൊൽസൊനാരോയുടെ എതിരാളി.

ഞായറാഴ്ച നടന്ന വോട്ടെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ വലതുപക്ഷ സ്ഥാനാർഥിയായ ജൈർ ബൊൽസൊനാരോക്ക് 46 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ഇടതുപക്ഷ സ്ഥാനാര്‍ഥി ഫെർണാണ്ടോ ഹദ്ദാദ് 29 ശതമാനം വോട്ടുകള്‍ നേടി. ആദ്യഘട്ടത്തിൽ വോട്ട് 50 ശതമാനത്തിൽ കുറഞ്ഞാൽ രണ്ടാംഘട്ടത്തിലേക്ക് നീളുമെന്നതിനാൽ ഒക് ടോബർ 28ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും. സോഷ്യൽ ലിബറൽ പാർട്ടി സ്ഥാനാർഥിയായ ബൊൽസാരോക്ക് തന്നെയാണ് രണ്ടാം ഘട്ടത്തില്‍ വിജയസാധ്യത കൽപിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബൊൽസൊനാരോക്ക് നേരെ വധശ്രമവുമുണ്ടായിരുന്നു. വോട്ടര്‍മാര്‍ക്കിടയില്‍ ഇത് സഹതാപ തരംഗം സൃഷ്ടിച്ചുവെന്നാണ് കരുതുന്നത്. അഴിമതിക്കേസിൽ തടവിൽക്കഴിയുന്ന മുൻ പ്രസിഡന്റ് ലുല ഡ സിൽവ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നേരത്തേ കോടതി വിലക്കേർപ്പെടുത്തിയതോടെയാണ് ബൊല്‍സൊനാരൊയും ഹദ്ദാദും തമ്മില്‍ പ്രധാനമത്സരം വന്നത്.

Tags:    

Similar News